Thiruvananthapuram

സഹകരണ മേഖല കൂടുതല്‍ പ്രൊഫഷണലാകണം

സംസ്ഥാനത്തിന്റെ ജീവനാഡിയായ സഹകരണമേഖലയുടെ ശാക്തീകരണത്തിന് കൂടുതല്‍ പ്രൊഫഷണലിസം അനിവാര്യമാണെന്ന് മേഖലയിലെ വിദഗ്ധര്‍. ജീവനക്കാര്‍ക്ക് നൈപുണ്യപരിശീലനം നിരന്തരമായി നല്‍കുകയും നൂതന ആപ്ലിക്കേഷനുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും ഇടപാടുകാരോടുള്ള പെരുമാറ്റം കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്താല്‍ വലിയ മാറ്റം കൊണ്ടുവരാനാകുമെന്നും നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന സഹകരണമേഖലയും പ്രൊഫഷണലിസവുമെന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.

സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിന് സമഗ്ര പരിശീലന നയം രൂപപ്പെടുത്തണമെന്ന് കിക്മ ഡയറക്ടര്‍ ഡോ രാജേഷ് എസ് പൈങ്ങാവില്‍ പറഞ്ഞു. ഇടപാടുകാരുമായുള്ള ബന്ധം, അക്കൗണ്ടിംഗ്, ഫിനാന്‍സ്, നിയമവശം തുടങ്ങിയവയിലുള്ള പരിശീലനം അത്യാവശ്യമാണ്. മേഖലയില്‍ കടന്നുവരുന്നവര്‍ക്ക് കൃത്യമായ വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കുന്നതിലൂടേയും ഉന്നതാധികാര സമിതിയെ നിയോഗിക്കുന്നതിലൂടേയും പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിലൂടേയും പ്രൊഫഷണലിസത്തിന്റെ ആദ്യ ചവിട്ടുപടിയിലേക്കെത്താനാകുന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഹകരണമേഖലയുടെ മൂല്യങ്ങളേയും ദര്‍ശനങ്ങളേയും കാഴ്ചപ്പാടുകളേയും കുറിച്ച് ഉള്‍ക്കാഴ്ചയുള്ളവരെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് അണ്ടൂര്‍ക്കോണം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി രാജേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. ഇടപാടുകാര്‍ക്ക് പ്രാധാന്യം നല്‍കുന്ന സമീപനം കാതലായ മാറ്റത്തിനടിസ്ഥാനമാകുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ നിയമങ്ങളും ചട്ടങ്ങളും മേഖലയെ സംരക്ഷിച്ച് സുസ്ഥിരതയിലെത്തിക്കാനുള്ളതാണെന്ന് കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ ഇ ജി രഞ്ജിത് കുമാര്‍ പറഞ്ഞു. അത് ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഓഡിറ്റ് മാനുവല്‍ കാലാനുസൃതമായി പുതുക്കണം. മാറ്റങ്ങള്‍ക്ക് വിധേയപ്പെട്ടില്ലെങ്കില്‍ പൊതുസ്വീകാര്യത ലഭിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സമൂഹമാധ്യമ പേജുകളിലൊതുങ്ങാതെ ഡാറ്റാ മാനേജ്‌മെന്റിനായി സമഗ്രമായ രീതിയില്‍ ഐടി ആപ്ലിക്കേഷനുകള്‍ ഉപയോഗപ്പെടുത്തിയാല്‍ കൂടുതല്‍ കാര്യക്ഷത സാധ്യമാകുമെന്നും ഐടി ഓഡിറ്റ് നടത്തണമെന്നും കിക്മ അസോസിയേറ്റ് പ്രൊഫസര്‍ ഡോ രാജേഷ് കുമാര്‍ എസ് ചൂണ്ടിക്കാട്ടി.

മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പരിശോധന ഓണ്‍ലൈനാക്കിയതായി ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്ന സഹകരണ രജിസ്ട്രാര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കൃത്യത ഉറപ്പുവരുത്താന്‍ ഡബിള്‍ എന്‍ട്രി സിസ്റ്റം നടപ്പാക്കുന്നുണ്ട്. പുതിയ ഓഡിറ്റ് മാന്വല്‍ ഓണ്‍ലൈനാക്കുന്ന കാര്യം പരിഗണിക്കുമെന്നും ഏപ്രിലില്‍ നടക്കുന്ന സഹകരണ കോണ്‍ക്ലേവിന് ചര്‍ച്ച ദിശാസൂചിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

CONTENT HIGH LIGHTS; The co-operative sector should become more professional

Latest News