Kerala

പന്ത്രണ്ടുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം; ഒളിവിൽ പോയ പ്രതിയെ പിടികൂടിയത് രഹസ്യമായി വീട്ടിലെത്തിയപ്പോൾ | pocso case arrest alappuzha

പ്രതി വീട്ടിലെത്തിയത് അറിഞ്ഞ് സ്ഥലത്തെത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

ആലപ്പുഴ: പന്ത്രണ്ടുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അയൽവാസി പിടിയിൽ. മണ്ണഞ്ചേരി സ്വദേശിയായ 58കാരനാണ് അറസ്റ്റിലായത്. മണ്ണഞ്ചേരി പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിലായിരുന്നു. കഴി‍ഞ്ഞ ദിവസം രാത്രി പ്രതി രഹസ്യമായി വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്. പ്രതി വീട്ടിലെത്തിയത് അറിഞ്ഞ് സ്ഥലത്തെത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇക്കഴിഞ്ഞ നവംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ 58കാരനായ പ്രതി പട്ടികജാതിയിൽ പെട്ട പെണ്‍കുട്ടിയുടെ വീട്ടിൽ പലപ്പോഴായി വന്നിരുന്നു. പെണ്‍കുട്ടിയുടെ അനിയനെ കളിപ്പിക്കുന്നതിനായി മടിയിലിരുത്തിയിരുന്ന ഇയാള്‍ ഈ സമയം പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഉള്‍പ്പെടെ സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പരാതി. ഈ സംഭവം ആവര്‍ത്തിച്ചതോടെ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് പൊലീസ് കേസെടുത്തത് അറിഞ്ഞ് പ്രതി ഒളിവിൽ പോവുകയായിരുന്നു.