മലപ്പുറം: ക്ഷേത്രത്തിൽ മോഷണം നടത്തി തിരികെ പോകവെ ബൈക്ക് എടുക്കാൻ മറന്ന പരാതി നൽകാൻ സ്‌റ്റേഷനിൽ എത്തിയതോടെ കുടുങ്ങി. ഗുരുവായൂർ കണ്ടാണശേരി സ്വദേശി പൂത്തറ അരുണിനെയാണ് എടപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്ക് മോഷണം പോയെന്ന് പരാതിയുമായി എത്തിയപ്പോഴാണ് ഇയാൾ കുടുങ്ങിയത്.
ഈ മാസം അഞ്ചിന് ഇയാൾ കാന്തല്ലൂർ ക്ഷേത്രത്തിൽ മോഷണം നടത്തിയിരുന്നു. മോഷണം നടത്താൻ ബൈക്കുമായിട്ടായിരുന്നു അരുൺ ക്ഷേത്രത്തിലെത്തിയത്. ഓട് പൊളിച്ച് അകത്തുകയറി. എട്ടായിരം രൂപ കവരുകയും ചെയ്തു. പണം കിട്ടിയതോടെ പുറത്തുനിർത്തിയിട്ടിരുന്ന ബൈക്കിനെ അരുൺ മറക്കുകയും നടന്ന് പോകുകയും ചെയ്തു. തുടർന്ന് മോഷണ വിവരം അറിഞ്ഞ ക്ഷേത്ര അധികൃതർ പൊലീസിൽ പരാതി നൽകി.
ക്ഷേത്ര പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബൈക്കിനെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിൽ തന്റെ ബൈക്ക് കാണാനില്ലെന്ന് കാണിച്ച് പരാതി നൽകാൻ അരുൺ സ്റ്റേഷനിലെത്തി. സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
CONTENT HIGHLIGHT: thief who forgot the bike after the theft