2025ലെ ആസിഫ് അലിയുടെ ആദ്യ സിനിമയായ രേഖാചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. 2024 ല്‍ കിഷ്‌കിന്ധാകാണ്ഡം എന്ന സൂപ്പര്‍ഹിറ്റ് സമ്മാനിച്ചതിനാല്‍ തന്നെ വലിയ പ്രതീക്ഷയോടെയാണ് ഇന്നലെ ചിത്രം തിയേറ്ററിലെത്തിയത്. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെത്തി ആദ്യ ദിനം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ആദ്യദിനത്തിൽ ചിത്രം രണ്ട് കോടിയിലധികം രൂപ നേടിയതായാണ് ഇൻഡസ്ട്രി ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റിയും ലഭിക്കുന്നുണ്ട്. രണ്ടാം ദിനമായ ഇന്ന് ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ നേടാന്‍ രേഖാചിത്രത്തിന് സാധിക്കുമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
മിസ്റ്ററി ത്രില്ലർ ജോണറിൽ കഥ പറയുന്ന ചിത്രമാണ് രേഖചിത്രം. ആദ്യ പകുതിയേക്കാൾ വളരെ മികച്ചതാണ് സിനിമയുടെ രണ്ടാം പകുതിയെന്നും സിനിമയുടെ അവസാനത്തെ അര മണിക്കൂർ ഞെട്ടിപ്പിച്ചെന്നുമാണ് സിനിമയെ കുറിച്ചുള്ള പ്രതികരണങ്ങൾ. ആസിഫ് അലിയുടെയും അനശ്വര രാജന്‍റെയും പ്രകടനങ്ങൾ സിനിമയ്ക്ക് മുതൽക്കൂട്ടാണെന്നും അഭിപ്രായങ്ങളുണ്ട്. പതിഞ്ഞ താളത്തിൽ പോകുന്ന സിനിമ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കാതെ തന്നെ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നെന്നും റിവ്യൂസിൽ പറയുന്നു.
രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനശ്വര രാജൻ, മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയ്യടി നേടിയ സെറിൻ ഷിഹാബ് തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ടിക്കറ്റിംഗ് ആപ്പ് ബുക്ക് മൈ ഷോ പ്രകാരം പ്രവൃത്തി ദിവസമായിരുന്നിട്ടും വ്യാഴാഴ്ച 79000 ബുക്കിംഗുകള്‍ ആണ് രേഖാചിത്രത്തിന് ലഭിച്ചത്. രാവിലത്തെ ഷോകളില്‍ മികച്ച ഒക്യുപെന്‍സിക്ക് ശേഷം, ഈവനിംഗ്, നൈറ്റ് ഷോകളില്‍ ടിക്കറ്റ് വില്‍പ്പനയില്‍ വന്‍ വര്‍ധനവുണ്ടായി. പോസിറ്റീവ് റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക് സിനിമ വാരാന്ത്യത്തില്‍ കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കും എന്നുറപ്പാണ്.