വയനാട്: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ ഒളിവിലാണെന്ന വാർത്തകൾ നിഷേധിച്ച് ഐ സി ബാലകൃഷ്ണന്‍ എംഎൽഎ. സുഹൃത്തിന്‍റെ മകളുടെ വിവാഹത്തിന് വേണ്ടി കർണാടകയിലാണ് ഉള്ളതെന്നും രണ്ട് ദിവസത്തിനുള്ളിൽ വയനാട്ടിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഒളിവിലാണ് എന്ന വാർത്തകൾ തെറ്റെന്നും നടക്കുന്നത് സിപിഎം വേട്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എൻ എം വിജയൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാൻ നിർദ്ദേശം നൽകി. വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നിർദ്ദേശം. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, വയനാട് ഡിസിസി പ്രസിഡൻ്റ് എന്‍ ഡി അപ്പച്ചന്‍ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. ഇവർ ഇരുവർക്കും കെകെ ഗോപിനാഥനുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.
കേസിൽ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ഉണ്ടായേക്കുമെന്ന് കരുതിയിരിക്കെയാണ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശം നൽകിയത്. കേസ് ഡയറി ജനുവരി 15 ന് ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ മൂന്ന് കോൺഗ്രസ് നേതാക്കളും വയനാട്ടിലില്ലെന്ന വിവരത്തിന് പിന്നാലെയാണ് കോടതി നിർദ്ദേശം വന്നത്.
CONTENT HIGHLIGHT: ic balakrishnan says i am not absconding