ന്യൂഡല്‍ഹി: പോഡ്‌കാസ്റ്റിൽ അരങ്ങേറ്റം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായിട്ടാണ് പോഡ്കാസ്റ്റ് നടത്തിയിരിക്കുന്നത്. പോഡ്കാസ്റ്റ് പുറത്തുവിടുന്നതിന് മുൻപ്, രണ്ടു മിനിറ്റുള്ള ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ഇതിൽ നിരവധി കാര്യങ്ങൾ പറയുന്നുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ തന്റെ പ്രസംഗത്തെപ്പറ്റി മോദി പോഡ്കാസ്റ്റിൽ പറയുന്നുണ്ട്. ‘‘അന്ന് ഞാന്‍ പറഞ്ഞു, തെറ്റുകള്‍ സംഭവിക്കാം. ഞാന്‍ മനുഷ്യനാണ്, ദൈവമല്ല’’– മോദി പറഞ്ഞു. ദക്ഷിണേന്ത്യന്‍ മധ്യവര്‍ഗ കുടുംബത്തില്‍ വളര്‍ന്ന തനിക്ക് രാഷ്ട്രീയം ഒരുവൃത്തികെട്ട കളിയാണെന്നാണ് കേള്‍ക്കാന്‍ കഴിഞ്ഞതെന്നും അങ്ങനെ ചിന്തിക്കുന്നവരോടുള്ള ഉപദേശമെന്താണെന്നുമുള്ള ചോദ്യത്തിനു പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘‘ആ പറഞ്ഞതിൽ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, നമ്മള്‍ ഈ സംഭാഷണം നടത്തില്ലായിരുന്നല്ലോ.’’
പോഡ്കാസ്റ്റ് എന്നാണു സംപ്രേഷണം ചെയ്യുകയെന്ന് അറിയിച്ചിട്ടില്ല. പ്രധാനമന്ത്രി മാസം തോറും റേഡിയോയിൽ മൻ കീ ബാത് എന്ന പ്രഭാഷണം നടത്താറുണ്ട്.. ടെലിവിഷൻ അഭിമുഖങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ ആദ്യമായാണ് പോഡ്കാസ്റ്റിൽ പങ്കെടുത്തത്. ആഗോള സംഘർഷങ്ങൾ, രാഷ്ട്രീയത്തിൽ യുവാക്കളുടെ പങ്ക് തുടങ്ങി പല കാര്യങ്ങളും പോഡ്കാസ്റ്റിൽ സംഭാഷണ വിഷയമാകുന്നുണ്ട്.