Thiruvananthapuram

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സെന്റര്‍ ഓഫ് എക്‌സലന്‍സ്: ട്രോമ & ബേണ്‍സ് രംഗത്ത് സ്റ്റേറ്റ് അപെക്‌സ് സെന്ററായി പ്രവര്‍ത്തിക്കും

വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യ ഘട്ടത്തില്‍ അനുവദിച്ചത് 4 കോടി

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേണ്‍സ് ചികിത്സയുടേയും സെന്റര്‍ ഓഫ് എക്‌സലന്‍സായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു. പരിക്കുകളുടേയും പൊള്ളലിന്റേയും പ്രതിരോധത്തിനും മാനേജ്‌മെന്റിനുമുള്ള ദേശീയ പരിപാടിയുടെ (NPPMT&BI) ഭാഗമായാണ് രാജ്യത്തെ 8 പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളെ സെന്റര്‍ ഓഫ് എക്‌സലന്‍സായി തെരഞ്ഞെടുത്തത്.

ട്രോമ, ബേണ്‍സ് പരിചരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ച സെന്റര്‍ ഓഫ് എക്‌സലന്‍സ് പട്ടികയില്‍ തന്നെ ഇടം പിടിക്കാന്‍ കേരളത്തിനായി. ഡല്‍ഹി എയിംസ്, ഡല്‍ഹി സഫ്ദര്‍ജംഗ്, പുതുച്ചേരി ജിപ്മര്‍, പിജിഐ ചണ്ടിഗഢ് തുടങ്ങിയ രാജ്യത്തെ പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെട്ടത്. സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രകാരം ഓരോ വര്‍ഷവും രണ്ടു കോടി രൂപ വീതം മെഡിക്കല്‍ കോളേജിന് ലഭിക്കും. 2024-25 വര്‍ഷത്തില്‍ 2 കോടിയും 2025-26 വര്‍ഷത്തില്‍ 2 കോടിയും ഉള്‍പ്പെടെ 4 കോടി രൂപ ലഭ്യമാകുന്നതാണ്.

സംസ്ഥാനത്തെ ട്രോമ, ബേണ്‍സ് ചികിത്സാ സംവിധാനങ്ങള്‍ വിപുലപ്പെടുത്താന്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിലൂടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. എമര്‍ജന്‍സി കെയറിന്റേയും ബേണ്‍സ് കെയറിന്റേയും സ്റ്റേറ്റ് അപെക്‌സ് സെന്ററായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കും. പരിശീലനം, സ്‌കില്‍ ഡെവലപ്‌മെന്റ്, ഗവേഷണം, നൂതനാശയങ്ങള്‍, സാങ്കേതികവിദ്യ, നവീന രീതികള്‍ പിന്തുടരല്‍, അവബോധം, ഉപകരണങ്ങള്‍ എന്നിവയ്ക്കായിരിക്കും സെന്റര്‍ ഓഫ് എക്‌സലന്‍സ് തുക വിനിയോഗിക്കുക. സംസ്ഥാനത്ത് സമഗ്ര എമര്‍ജന്‍സി & ട്രോമകെയര്‍ സംവിധാനത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായിരിക്കുമിതെന്നും മന്ത്രി വ്യക്തമാക്കി.

ഈ സര്‍ക്കാരിന്റെ തുടക്കകാലത്ത് 2021ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മുന്നറിയിപ്പില്ലാതെ മന്ത്രി വീണാ ജോര്‍ജ് നടത്തിയ സന്ദര്‍ശനമാണ് പുതിയ എമര്‍ജന്‍സി മെഡിസിന്‍ & ട്രോമകെയര്‍ സംവിധാനം യാഥാര്‍ത്ഥ്യമാക്കിയത്. ശാസ്ത്രീയമായ ട്രയാജ് സംവിധാനം, ചെസ്റ്റ് പെയിന്‍ ക്ലിനിക്, സ്‌ട്രോക്ക് ഹോട്ട്‌ലൈന്‍, അത്യാധുനിക പരിശോധനാ സംവിധാനങ്ങള്‍, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവ സജ്ജമാക്കി. എയിംസ്, ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ അത്യാഹിത വിഭാഗം സന്ദര്‍ശിച്ച് അഭിനന്ദിച്ചു. 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക്, സ്‌പെക്റ്റ് സ്‌കാന്‍ എന്നിവ സ്ഥാപിച്ചു.

പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ കീഴില്‍ ബേണ്‍സ് യൂണിറ്റ് ആരംഭിച്ചു. ബേണ്‍സ് ഐസിയുവില്‍ സജ്ജമാക്കിയ തീവ്രപരിചരണ സംവിധാനത്തിലൂടെ അണുബാധയേല്‍ക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗികള്‍ക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സഹായിക്കുന്നു. ഇതുകൂടാതെ കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് ഉടന്‍തന്നെ ആരംഭിക്കുന്നതാണ്. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് ആവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിന്‍ ബാങ്കിലൂടെ ചെയ്യുന്നത്.

സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. മന്ത്രി വീണാ ജോര്‍ജ് നിരന്തരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ കാലയളവില്‍ ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെട്ടു. മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയിലെ ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട 14.3 കോടിയുടെ സമഗ്ര സ്ട്രോക്ക് സെന്റര്‍ സജ്ജമാക്കി. മെഡിക്കല്‍ കോളേജില്‍ റോബോട്ടിക് സര്‍ജറി ആരംഭിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ട്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിറ്റിക്കല്‍ കെയര്‍, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങള്‍ ആരംഭിച്ചു.

CONTENT HIGH LIGHTS;Thiruvananthapuram Medical College Center of Excellence: To act as State Apex Center in the field of Trauma & Burns

Latest News