Kerala

വായ്പ അടച്ച് തീർത്തയാളുടെ വീട് ജപ്തി ചെയ്യാൻ കേരള ബാങ്ക് ഉദ്യോ​ഗസ്ഥർ; തെറ്റായ നടപടിയായിരുന്നെന്ന് കത്തെഴുതി നൽകി തടിതപ്പി – kerala bank

ബാങ്ക് വായ്പാ കുടിശിക സഹിതം അടച്ചുതീർത്തയാളുടെ വീടും സ്ഥലവും ജപ്തി ചെയ്യാൻ നീക്കം. വായ്പ അടച്ചുതീർത്ത രേഖകൾ ഗൃഹനാഥൻ കാണിച്ചതും നാട്ടുകാർ സംഭവത്തിൽ എതിർപ്പുമായെത്തിയതും ശ്രദ്ധയിൽപെട്ടതോടെ തെറ്റായ നടപടിയായിരുന്നെന്ന് വായ്പക്കാരന് കത്തെഴുതി നൽകി ഉദ്യോഗസ്ഥർ.

പൂവച്ചൽ പഞ്ചായത്തിലെ പുന്നാംകരിക്കകം കുറക്കോണത്ത് പുത്തൻവീട്ടിൽ സുനിൽ കുമാറിനാണ് കേരള ബാങ്കിൽ നിന്നും ഇത്തരത്തിലുള്ള മോശം അനുഭവമുണ്ടായത്. 2004-ൽ കേരളാ ബാങ്കിന്‍റെ കാട്ടാക്കട ശാഖയിൽ നിന്നും എടുത്ത 50,000 രൂപയുടെ വായ്പാ കുടിശിക പിഴ പലിശ സഹിതം 2019-ൽ സുനിൽകുമാർ അടച്ചുതീർത്തിരുന്നു. അന്ന് തന്നെ ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റും ബാങ്ക് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് ഈ വായ്പ കുടിശികയാണെന്ന് ചൂണ്ടിക്കാട്ടി ജപ്തി നടപടിക്കായി ബാങ്ക് ഉദ്യോഗസ്ഥർ എത്തിയത്.

എതിർപ്പുണ്ടായതോടെ കുടിശികക്കാരുടെ പട്ടികയിൽ സുനിൽകുമാറിന്‍റെ ഫയലും ഉൾപ്പെട്ടുപോയതിനാലാണ് ഇത്തരത്തിൽ ഒരു പ്രവൃത്തി ഉണ്ടായതെന്നും പിഴവ് തിരുത്തുമെന്നും കാണിച്ച് ശാഖാ മാനേജർ സുനിൽകുമാറിന് കത്തും നൽകിയത്. എന്നാൽ ബാങ്കിന്‍റെ ഭാഗത്ത് നിന്ന് ജപ്തി നടപടിക്ക് ആരെയും നിയോഗിച്ചിട്ടില്ലെന്നും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നുമുള്ള നിലപാടിലാണ് കാട്ടാക്കട കേരള ബാങ്ക് അധികൃതർ.

STORY HIGHLIGHT: kerala bank