Kerala

താന്‍ ഒളിവിലല്ല, കര്‍ണാടകയില്‍ വന്നത് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍; ഐ.സി. ബാലകൃഷ്ണന്‍ – ic balakrishnan

താന്‍ ഒളിവില്‍ പോയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്‍. സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കര്‍ണാടകയില്‍ പോയതെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും പുറത്തിറങ്ങിയ വീഡിയോയിലൂടെ അദ്ദേഹം പറയുന്നു.

ഞാന്‍ ഒളിവിലാണെന്ന് വ്യാജ വാര്‍ത്തകള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നിരിക്കുകയാണ്. അത് അടിസ്ഥാനരഹിതമാണ്. ഞാന്‍ എന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി കര്‍ണാടകയില്‍ വന്നതാണ്. എന്റെ സുഹൃത്തിന്റെ മകളുടെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട്. ഇന്നും നാളെയുമായി നാട്ടിലെത്തും. ബഹുമാനപ്പെട്ട കോടതിയെ, എന്നെ സംബന്ധിച്ച് എനിക്കൊരു വിശ്വാസമുണ്ട്. നീതി ലഭിക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഇടതുപക്ഷം കുറേക്കാലമായി എന്നെ വേട്ടയാടുകയാണെന്നും ഐ.സി. ബാലകൃഷ്ണന്‍ വീഡിയോയില്‍ പറഞ്ഞു.

വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഐ.സി. ബാലകൃഷ്ണനും വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും കോടതിയില്‍നിന്ന് താത്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ട്. ഇവരെ ജനുവരി 15 വരെ അറസ്റ്റുചെയ്യരുതെന്ന് കോടതി വാക്കാല്‍ നല്‍കിയതായി പ്രതിഭാഗം അഭിഭാഷകന്‍ ടി.എം. റഷീദ് മാധ്യമങ്ങളോട് പറഞ്ഞു. വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്ത കേസിലാണ് ഐ.സി. ബാലകൃഷ്ണന്‍, എന്‍.ഡി. അപ്പച്ചന്‍, ഡി.സി.സി. മുന്‍ ട്രഷറര്‍ കെ.കെ ഗോപിനാഥ്, അന്തരിച്ച മുന്‍ ഡി.സി.സി. പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തിരിക്കുന്നത്.

STORY HIGHLIGHT: ic balakrishnan