Kerala

കണ്ട് ആസ്വദിക്കാം, വാങ്ങി വായിക്കാം, അറിയാം ലോകത്തെ; വൈവിധ്യങ്ങളുടെ പുസ്തക കലവറയായി മാറുന്നു മൂന്നാമത് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം

അക്ഷര വൈവിധ്യങ്ങളുടെ അനന്തസാധ്യതകള്‍ പകര്‍ന്നു നല്‍കുന്ന മൂന്നാമത് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം ഇരുകൈയ്യും നീട്ടി സ്വീകരിച്ച് വിജയത്തിലേക്കെത്തിച്ച് ജനഹൃദയങ്ങള്‍. പുസ്തക പ്രദര്‍ശനങ്ങള്‍ക്ക് പുറമെ, എങ്ങനെയൊരു അക്ഷരങ്ങളുടെ ഉത്സവം സംഘടിപ്പിക്കണമെന്നും അതിനായി വിവിധ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്തിയ വൈവിധ്യതയാണ് ഈ പുസ്തകോത്സവത്തിന്റെ മാറ്റ് ഇരട്ടിയാക്കുന്നത്. കേരളത്തിലെ ഏറ്റവും മികച്ച പുസ്തക മേളകളില്‍ ഒന്നായി കേരള നിയമസഭയുടെ മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം മാറിക്കഴിഞ്ഞു. തിരുവനന്തപുരം നഗരത്തെ പുസ്തക തലസ്ഥാനമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ കടമെടുത്തു കൊണ്ട് തന്നെ പറയട്ടെ ഈ ഒരൊറ്റ മേളം മതി ആ ബൃഹത് പദ്ധതിക്കായി സാക്ഷ്യപ്പെടുത്തി അധികൃതര്‍ക്ക് നല്‍കാന്‍. വെറുതെ ഒരു പുസ്തമേള സംഘടിപ്പിക്കാതെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെയെന്ന വാക്ക് കടമെടുത്തു കൊണ്ട് പറഞ്ഞാല്‍ പുസ്തകങ്ങളുടെ വിവിധങ്ങളായ സര്‍വ്വശ്രേണിയാണ് കെ.എല്‍.ഐ.ബി.എഫിന്റെ മൂന്നാം പതിപ്പില്‍ വായനക്കാര്‍ക്ക് വേണ്ടി മിഴി തുറന്നിരിക്കുന്നത്. നാലാം ദിനവും തുടരുന്ന തിരക്ക് മേളയുടെ യശസ് വാനോളം ഉയര്‍ന്നുവെന്നതിന്റെ തെളിവാണ്.

പുസ്തക പ്രേമികളെയും എഴുത്തുകാരെയും സാഹിത്യ പ്രേമികളെയും ആകര്‍ഷിക്കുന്നു സര്‍വ്വഘടകവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സാഹിത്യത്തെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും വായനക്കാര്‍ക്കും പരസ്പരം ബന്ധപ്പെടാനുള്ള വേദിയൊരുക്കുന്നതില്‍ ഈ പുത്സകോത്സവം വിജയം കണ്ടിരിക്കുന്നു. കഥ-കഥയേതര വിഭാഗങ്ങളിലെ മികച്ച സൃഷ്ടികളും പുസ്തകോത്സവ തട്ടുകളില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു. സര്‍ഗാത്മകതയുടെ അനന്തസാധ്യതകള്‍ ആവാഹിച്ചുകൊണ്ട് വിവിധ സൃഷ്ടാക്കള്‍ എഴുതി തീര്‍ത്ത പുസ്തകങ്ങളുടെ മൂല്യം വിലമതിക്കാനാകാത്തതാണ്. ആ പുസ്തകങ്ങള്‍ വാങ്ങാനും വായിച്ചു രസിക്കാനും അറിവുകള്‍ സ്വാംശീകരിക്കാനും എത്തുന്ന പുസ്തകപ്രേമികളുടെ എണ്ണം അത്ഭുതപ്പെടുത്തുന്നതാണ്. നിങ്ങള്‍ വായിക്കണമെന്നും കരുതിയിരുന്ന ഒരു പുസ്തകം തീര്‍ച്ചയായും ഇവിടെ നിന്ന് ലഭിക്കും.

നിയമസഭയിലെ പുസ്തകോത്സവമായതുകൊണ്ട് രാഷ്ട്രീയപരമായും ഇതിനെ ഏറെ പ്രാധാന്യമുണ്ട്. സംസ്ഥാന രാഷ്ട്രീയവുമായി ബന്ധപ്പെട്ട നില്‍ക്കുന്നവരുടെ പലതരത്തിലുള്ള എഴുത്തുകള്‍ പുസ്തകങ്ങളായി മാറി, അവയുടെ പ്രകാശന വേദിയായി കെ.എല്‍.ഐ.ബി.എഫ് മാറുന്നുണ്ട്. എഴുത്തുകാരുടെ പുസ്തക ഒപ്പിടല്‍, ശില്‍പശാലകള്‍, പാനല്‍ ചര്‍ച്ചകള്‍, സാംസ്‌കാരിക പ്രകടനങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഫെസ്റ്റിവലിന്റെ സവിശേഷത.


വിപുലമായ പുസ്തകശേഖരത്തിന് മാത്രമല്ല, ആകര്‍ഷകമായ മറ്റു പരിപാടികള്‍ക്കും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. സാഹിത്യത്തിനപ്പുറം കുടുംബമായി വന്നിരുന്നു ഒരു പകലിരവുകള്‍ ആസ്വദിച്ച് തിരികെ പോകാന്‍ കഴിയുന്ന വിവിധതരം പരിപാടികളും സാധ്യതകളും നിയമസഭ പുസ്തകോത്സവം തുറന്നു തരുന്നു. പുസ്തക പ്രേമികള്‍ക്ക് പുറമേ കലാസ്വാദകര്‍ക്കും സംഭാഷണങ്ങളുടെ വലിയ സാധ്യതകള്‍ തുറന്നു തരുന്ന സാഹിത്യ -സാഹിത്യേതര ചര്‍ച്ചകളും, പരസ്പരാശയവിനിമയങ്ങളും, അനുഭവസാക്ഷ്യങ്ങളും, ഉദ്‌ബോധന സെഷനുകളും മേളയുടെ പ്രത്യേകതയാണ്.

നിയമസഭ പുസ്തകോത്സവത്തിന്റെ സ്വാധീനം സാഹിത്യത്തിന് അപ്പുറം വ്യാപിക്കുകയും, തലസ്ഥാന നഗരത്തിലെ ഒരു സുപ്രധാന സാംസ്‌കാരിക ഇടമായി കെ.എല്‍.ഐ.ബി.എഫ് മൂന്നാം പതിപ്പിനെ മാറ്റാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെയും നിയമ രൂപീകരണ സഭയില്‍ ഇത്തരം ഒരു പരിപാടിക്ക് എന്ത് സാധ്യതയെന്ന് ചോദിച്ചവര്‍ക്ക്, ഇവിടെ എത്തുന്ന ജനസഞ്ചയം തന്നെയാണ് അതിനുള്ള ഉത്തരവും. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 250 ഓളം സ്റ്റാളുകള്‍ ഉണ്ട്. ഈ സ്റ്റാളുകള്‍ ആഭ്യന്തര, അന്തര്‍ദേശീയ പ്രസാധകര്‍ പുറത്തിറക്കുന്ന മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വൈവിധ്യമാര്‍ന്ന പുസ്തകങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.


ഫിക്ഷനും നോണ്‍ ഫിക്ഷനും മുതല്‍ കുട്ടികളുടെ പുസ്തകങ്ങളും അക്കാദമിക് ഗ്രന്ഥങ്ങളും വരെ എല്ലാവര്‍ക്കുമായി എന്തെങ്കിലും ഉണ്ടെന്ന് സാധ്യതയും തുറക്കുന്നു. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, കുട്ടികളുടെ പുസ്തകങ്ങള്‍, അക്കാദമി ഗ്രന്ഥങ്ങള്‍, ആത്മീയ ഗ്രന്ഥങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്നതും വിപുലവുമായ പുസ്തക ശേഖരമാണ് നിയമസഭ പുസ്തകോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്. 250 സ്റ്റാളുകളിലായി 166ലധികം ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ അണിനിരക്കുന്ന മേളയില്‍ 313 പുസ്തക പ്രകാശനങ്ങള്‍ക്കും 56 പുസ്തക ചര്‍ച്ചകള്‍ക്കുമാണ് വേദിയൊരുക്കുന്നത്.