Kerala

കൃഷ്ണേന്ദു ബസിനടിയിലേക്ക് വീണത് കാലിൽ കേബിള്‍ കുടുങ്ങി; റിപ്പോര്‍ട്ട് തേടി മന്ത്രി – school bus accident

തിരുവനന്തപുരം മടവൂരിൽ രണ്ടാം ക്ലാസുകാരി സ്കൂള്‍ ബസിനടിയിൽപെട്ട് മരിച്ച സംഭവം. സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ കേബിളിൽ കാൽ കുരുങ്ങി ബസിനടയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് ജീവൻ നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി റിപ്പോര്‍ട്ട് തേടി.

കെഎസ്ആർടി ഡ്രൈവർ മണികണ്ഠൻറെയും സൂപ്പർ മാർക്കറ്റ് ജീവനക്കാരി ശരണ്യയുടെയും മകളാണ് കൃഷ്ണേന്ദു. സ്‌കൂൾ ബസിൽ വീട്ടിലേക്ക് വന്നതാണെന്നും വീട്ടിലേക്ക് കയറുന്ന വഴി റോഡിലുണ്ടായിരുന്ന കേബിളിൽ കാൽ കുരുങ്ങി വണ്ടിയ്ക്കടിയിലേക്ക് വീണതാണെന്നും നാട്ടുകാരനായ സൈനുലാബുദ്ദീൻ പറഞ്ഞു. വീടിന് സമീപത്തെ ഇടറോഡിൽ വെച്ചാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

ബസിൽ നിന്നും ആയ കുട്ടിയെ ഇറക്കിയശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടയിൽ കൃഷ്ണേന്ദുവിന്‍റെ കാൽ കേബിളിൽ കുടുങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോക്കാരൻ അപകടം കണ്ടിരുന്നുവെന്നും സ്ഥലത്ത് ചാനൽ കേബിളിന്‍റെ പണി നടക്കുന്നുണ്ടായിരുന്നുവെന്നും സൈനുലാബുദ്ദീൻ പറഞ്ഞു. മടവൂർ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദുവിന്റെ വിയോഗം അതീവ ദുഖകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുകയാണ്. അപകടം സംബന്ധിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

STORY HIGHLIGHT: school bus accident