Travel

തണുപ്പിൻ്റെ മേലങ്കിയണിഞ്ഞ് ഒരുവൾ; കൂടുതൽ അറിയാം മലബാറിൻ്റെ റാണിയെക്കുറിച്ച്

കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്നിടം… ഒരിക്കൽ എത്തിയാലോ…മലമടക്കുകളുടെ റാണി എന്ന പേരു അന്വർഥമാക്കും വിധത്തിലുള്ള കാഴ്ചകൾ.. മലനിരകളുടെ റാണി എന്ന് നാട്ടുകാര്‍ കാലാങ്കിയെ വിളിക്കുന്നത് വെറുതെയല്ല എന്ന് ഇവിടെ എത്തുന്ന ഓരോ ആള്‍ക്കും മനസ്സിലാകും. ഊട്ടിയെ കവച്ചുവയ്ക്കുന്ന തണുപ്പാണ് കാലാങ്കിയില്‍. കേരളത്തില്‍ തന്നെയാണോ ഈ സ്ഥലം എന്ന് ഓരോ നിമിഷവും അതിശയിപ്പിക്കും ഇവിടുത്തെ കാഴ്ചകള്‍. ചൂടും തിരക്കും ബഹളവും കൊണ്ട് വലഞ്ഞ ആഴ്ചദിനങ്ങളുടെ മടുപ്പ് മാറ്റാന്‍ വീക്കെന്‍ഡുകളില്‍ ഒരു ബൈക്കുമെടുത്ത് പുറപ്പെടാം, മലയോരത്തെ ഈ സ്വര്‍ഗഭൂമി കാണാന്‍.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്താണ് കാലാങ്കി. ഇരിട്ടിയില്‍ നിന്നും ഉളിക്കല്‍ വഴി പോയാല്‍ കാലാങ്കിയില്‍ എത്താം. ചെറിയ കാറുകളും ബൈക്കുകളുമാണ് ഈ യാത്രയ്ക്ക് ഉപയോഗിക്കാന്‍ ഏറെ അനുയോജ്യം. കാലാങ്കിയിലെ വ്യൂപോയിന്‍റ് വരെ ഡ്രൈവ് ചെയ്യാം. കാര്‍ ആണെങ്കില്‍ വ്യൂ പോയിന്‍റില്‍ പാർക്ക് ചെയ്‌ത്, ടോപ്‌ സ്റ്റേഷനിലെത്താന്‍ അരക്കിലോമീറ്റർ ഹൈക്ക് ചെയ്യണം.

വര്‍ഷം മുഴുവനും സന്ദര്‍ശിക്കാവുന്ന സ്ഥലമാണ് കാലാങ്കി. എന്നാല്‍ ഇവിടം ഏറ്റവും സുന്ദരമാകുന്നത് മണ്‍സൂണിനോടനുബന്ധിച്ചുള്ള സമയങ്ങളിലാണ്. ഒക്ടോബറിനും മാർച്ചിനും ഇടയിലുള്ള സമയത്ത് ഏറ്റവും മികച്ച കാലാവസ്ഥയാണ്.

കാലാങ്കി എത്തും മുമ്പ് പാലുമുക്ക് ഭാഗത്തുള്ള വെള്ളച്ചാട്ടം മുതൽ കാഴ്ചകളുടെ പറുദീസ ആരംഭിക്കുകയാണ്. അവിടം മുതൽ 5 കിലോമീറ്ററോളം ദൂരത്തിനുള്ളിൽ നിരവധി ഭാഗങ്ങൾ ടൂറിസ്റ്റ് പോയിന്റുകൾ ആണ്. പോകുന്ന വഴി നീളെ റബ്ബറും നാരങ്ങയും മാങ്ങയുമെല്ലാം വിളഞ്ഞുകിടക്കുന്ന കൃഷിയിടങ്ങള്‍ കാണാം. മുകളിലേക്ക് കയറിപ്പോകുന്തോറും വീടുകളുടെ എണ്ണം ചുരുങ്ങിച്ചുരുങ്ങി വരുന്നു.

കാലാങ്കിയില്‍, കർണാടക വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഉയർന്ന പ്രദേശങ്ങളിൽ നിന്നാൽ കണ്ണൂർ ജില്ലയുടെയും കർണാടകയുടെയും കുറെ ഭാഗങ്ങള്‍ കാണാം. കോട നിറഞ്ഞ കുന്നിൻമുകളിൽ നിന്നുമുള്ള സൂര്യസ്തമയവും സൂര്യോദയവും മനോഹരമാണ്. മലമടക്കുകളില്‍ പച്ചപ്പിനു മുകളില്‍ മേഘങ്ങള്‍ക്കിടയിലൂടെ തെളിയുന്ന വെള്ളിവെളിച്ചം, കാഴ്ചക്കാരെ മറ്റേതോ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകും.

മേഘങ്ങൾ കാൽച്ചുവട്ടിൽ കഥപറയാനെത്തുന്ന ക്ലൗഡ് ബെഡ് എന്ന പ്രതിഭാസം കാണാൻ കുറുമ്പലാക്കോട്ടക്കും കൊളുക്കുമലയിലേക്കും പോകാൻ കഴിയാതെ നിരാശപ്പെടുന്നവർക്ക് ചെന്നെത്താൻ പറ്റിയൊരിടം കൂടിയാണിത്. ഭാഗ്യമുണ്ടെങ്കിൽ പുലരികളില്‍ വെള്ളമേഘങ്ങള്‍ മലയിടുക്കുകളില്‍ നിന്നും ഉയര്‍ന്നുവന്ന് മുഖത്ത് തലോടി കടന്നുപോകുന്ന സുന്ദര അനുഭവം ആസ്വദിക്കാം.