സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാൻ അങ്ങനെ ആരോടും സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയല്ലെന്ന് ഗായകന്‍ സോനു നിഗം. ആളുകളില്‍ നിന്ന് അകലം പാലിക്കുന്ന പ്രകൃതക്കാരനാണ് റഹ്മാനെന്നും ജോലിയില്‍ മാത്രമാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നതെന്നും സോനു നിഗം പറഞ്ഞു. ഒ2 ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിനിടെയാണ് റഹ്മാനുമായുള്ള ബന്ധത്തെക്കുറിച്ച് സോനു നിഗം മനസുതുറന്നത്.
അദ്ദേഹത്തിന് അങ്ങനെ ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല. ബന്ധങ്ങള്‍ സ്ഥാപിക്കുന്ന ആളുമായിരുന്നില്ല. അദ്ദേഹം ആരുമായും തുറന്നു സംസാരിച്ചിരുന്നില്ല. ഞാന്‍ ഒരിക്കലും അത് കണ്ടിട്ടില്ല. ചിലപ്പോള്‍ അദ്ദേഹത്തെ ദിലീപ് ആയി അറിയാവുന്ന പഴയ സുഹൃത്തുക്കളോട് തുറന്നു സംസാരിക്കുമായിരുന്നിരിക്കാം. പക്ഷേ ആരോടെങ്കിലും തുറന്നു സംസാരിക്കുന്നതോ ആരെങ്കിലുമായി ബന്ധം സൂക്ഷിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ഫ്രണ്ട്ലിയായ വ്യക്തിയല്ല. ജോലിയില്‍ മാത്രമാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നതെന്ന് സോനു നിഗം പറഞ്ഞു. റഹ്മാന്‍ ഒരു തികഞ്ഞ പ്രൊഫഷണലാണെന്നും വ്യക്തിപരമായ ബന്ധങ്ങള്‍ ഒരിക്കലും തന്റെ ജോലിയുടെ വഴിയില്‍ വരാന്‍ അദ്ദേഹം അനുവദിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഹ്മാന്‍ ആരെ കുറിച്ചും മോശമായി സംസാരിക്കാറില്ല. തന്റെ ജോലിയിലും പ്രാര്‍ഥനകളിലും മാത്രമാണ് ശ്രദ്ധ. എല്ലാ കാര്യങ്ങളില്‍ നിന്നും അകന്നിരിക്കുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന് കുടുംബത്തോട് അടുപ്പം ഉണ്ടായിരിക്കണം, പക്ഷേ മറ്റുള്ളവരോട് അദ്ദേഹം വളരെ സൗഹൃദപരമായി പെരുമാറുന്നത് ഞാന്‍ കണ്ടിട്ടില്ല. ആരെയും താനുമായി അടുക്കാന്‍ അദ്ദേഹം അനുവദിക്കില്ല. എന്നെക്കുറിച്ചോ മറ്റുള്ളവരെ കുറിച്ചോ അദ്ദേഹത്തിന് ഒന്നും അറിയണമെന്നില്ല. അതുപോലെ തന്നെക്കുറിച്ചും ആരും അറിയാന്‍ അദ്ദേഹത്തിന് താത്പര്യമില്ല. വ്യത്യസ്തനായ ഒരു വ്യക്തിത്വമാണ് അദ്ദേഹം. ആരോടും മോശമായി പെരുമാറില്ല. ആരുടേയും ഹൃദയത്തെ വേദനിപ്പിക്കില്ല. ആരെക്കുറിച്ചും മോശം പറയില്ല. ഇതില്‍ നിന്നെല്ലാം അദ്ദേഹം അകന്നു നില്‍ക്കും.- സോനു നിഗം വ്യക്തമാക്കി.