Kerala

നിയമസഭ പുസ്തകോത്സവം; നൂതനമായ ആശയങ്ങളും ഏറ്റെടുത്ത വെല്ലുവിളികളും നേരിടേണ്ടി വന്ന പ്രതിസന്ധികളും വിവരിച്ച് കേരള നിയമസഭാ മുന്‍ സ്പീക്കര്‍മാര്‍

സ്പീക്കര്‍ എന്ന നിലയില്‍ കൊണ്ടുവന്ന നൂതനമായ ആശയങ്ങളും ഏറ്റെടുത്ത വെല്ലുവിളികളും നേരിടേണ്ടി വന്ന പ്രതിസന്ധികളും വിവരിച്ച് കേരള നിയമസഭാ മുന്‍ സ്പീക്കര്‍മാര്‍. കെ.എല്‍.ഐ.ബി.എഫിന്റെ പാനല്‍ ചര്‍ച്ചയില്‍ നിയമസഭ ഞങ്ങളിലൂടെ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു. മുന്‍ സ്പീക്കര്‍മാരായ എം.വിജയകുമാര്‍, എന്‍.ശക്തന്‍, പി.ശ്രീരാമകൃഷ്ണന്‍ എന്നിവരാണ് അനുഭവങ്ങളുടെ കയ്പ്പും മധുരവും പങ്കുവെച്ചത്. മുന്‍ നിയമസഭാ സെക്രട്ടറി ഡോ.എന്‍.കെ.ജയകുമാര്‍ മോഡറേറ്ററായി.

ഒരു നിയമസഭയുടെ സ്വഭാവം നിശ്ചയിക്കുന്നത് ആ സഭ തന്നെയാണെന്നും ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്നും എം.വിജയകുമാര്‍ പറഞ്ഞു. സഭ സമ്മേളിക്കുമ്പോള്‍ പൂര്‍ണസമയം സഭയില്‍ ഉണ്ടായിരിക്കണം. പുതുതലമുറ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ല. നോക്കി പഠിക്കാന്‍ വേണ്ട മാതൃകകള്‍ നമുക്കുണ്ട്. ഇ.എം.എസ്സും കെ.എം.മാണിയുമെല്ലാം നല്ല മാതൃക സൃഷ്ടിച്ച സാമാജികരാണ്. മുന്‍ സ്പീക്കര്‍മാരുടെ അനുഭവസമ്പത്ത് ഉപയോഗിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്താന്‍ നിയമസഭയ്ക്കാവണം. ഇന്ത്യന്‍ പാര്‍ലമെന്റിനും മറ്റു നിയമനിര്‍മാണ സഭകള്‍ക്കും മാതൃകയാവാന്‍ സാധിച്ച സഭയാണ് കേരളത്തിന്റേത്. കേരള നിയമസഭ നടപ്പിലാക്കിയ സബ്ജക്ട് കമ്മിറ്റിയുടെ മാതൃക പിന്‍പറ്റിയാണ് പാര്‍ലമെന്റില്‍ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ വന്നത്. താന്‍ സ്പീക്കറായിരുന്ന കാലത്ത് സബ്ജക്ട് കമ്മിറ്റികള്‍ ഫലപ്രദമാക്കുന്നതിനായി പഠനം നടത്തുന്നതിന് മറ്റൊരു കമ്മിറ്റിയെ നിയോഗിച്ചു. ഇന്ത്യന്‍ പ്രസിഡന്റ് നിയമസഭയിലെത്തി സാമാജികരെ അഭിസംബോധന ചെയ്യുകയെന്ന അപൂര്‍വതയും കേരളത്തിന് സ്വന്തമാണെന്നും അദ്ദേഹം സ്മരിച്ചു.

നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുന്നതിന് നടപടി വേണമെന്ന് എന്‍ ശക്തന്‍ ആവശ്യപ്പെട്ടു. പ്രതീകാത്മകമായ വാക്ക് ഔട്ടോ സഭാ ബഹിഷ്‌കരണമോ നടത്താം. എന്നാല്‍ സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ല. ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടക്കേണ്ട ഇടമാണ് നിയമസഭ. ചര്‍ച്ചയില്ലാതെ നിയമങ്ങള്‍ പാസ്സാകുന്നത് ശരിയായ രീതിയല്ല. ഏത് പ്രതിഷേധം നടന്നാലും സഭാ സമ്മേളനം തടസ്സപ്പെടാത്ത തരത്തിലുള്ള സംവിധാനം ഇനിയെങ്കിലും ആലോചിക്കണം. എംഎല്‍എമാര്‍ക്ക് പെരുമാറ്റച്ചട്ടമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നതും ഗൗരവമായി പരിശോധിക്കണം.

പ്രോടെം സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, സ്പീക്കര്‍ എന്നീ ചുമതലകള്‍ വഹിക്കാന്‍ കഴിഞ്ഞ രാജ്യത്തെ തന്നെ ഏക വ്യക്തിയാണ് താനെന്നതില്‍ അഭിമാനമുണ്ട്. നിയമസഭാ ദിനാചരണം ആരംഭിച്ചതും ആദ്യ സ്പീക്കറുടെ പേരില്‍ നിയമസഭാ ലോഞ്ച് സജ്ജമാക്കിയതും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ പേരില്‍ മാധ്യമ പുരസ്‌കാരം ഏര്‍പ്പെടുത്തിയതും തന്റെ കാലത്താണെന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവിചാരിതമായി സ്പീക്കറായ തനിക്ക് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പി. ശ്രീരാമകൃഷ്ണന്‍. കിഫ്ബിക്കെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നപ്പോള്‍ പലപ്പോഴും നിസ്സഹായനായി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. അതേസമയം സഭയെ സാങ്കേതികവിദ്യയുമായി ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാലത്ത് തുടക്കമിടാനായി. ഒ ടി ടി പ്ലാറ്റ്ഫോമും സഭ ടി വി യും വരുന്നത് താന്‍ സ്പീക്കറായിരുന്ന സമയത്താണ്. ഉപചോദ്യങ്ങള്‍ ചോദിക്കാന്‍ മിഠായിയും ചെറുകുറിപ്പും ഓഫര്‍ ചെയ്ത രസകരമായ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ ഓര്‍മ്മിച്ചു. നിയമനിര്‍മാണ സഭയ്ക്ക് നിയമനിര്‍മാണത്തിനുപുറമെ മറ്റു പലതും ചെയ്യാനാകും എന്നതിന്റെ തെളിവാണ് നിയമസഭയ്ക്ക് ചുറ്റും നടക്കുന്ന പുസ്തകോത്സവമെന്ന് മോഡറേറ്ററായ ഡോ.എന്‍.കെ.ജയകുമാര്‍ പറഞ്ഞു.