അനുഭവങ്ങളില്‍ നിന്നുമാണ് നിലപാടുകള്‍ ഉണ്ടാകുകയെന്നും സത്യം വെളിപ്പെടുത്തുകയാണ് പ്രധാനമെന്നും പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമായ രഞ്ജു രഞ്ചിമാര്‍. കെഎല്‍ഐബിഎഫ് ഡയലോഗ് സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. ചെറുനോവലുകളില്‍ തുടങ്ങിയ വായന പിന്നീട് ഗാന്ധിജിയിലേക്കും അംബേദ്കറിലേക്കുമെത്തി. പുസ്തക വില്പനയും ചെയ്തിട്ടുണ്ട്. പുസ്തക വില്‍പ്പനയില്‍ നിന്ന് ലഭിച്ച കാശ് കൂട്ടിവെച്ച് ആദ്യമായി അമ്മയ്ക്ക് കമ്മല്‍ വാങ്ങി നല്‍കി. ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അത്.
സുഹൃത്തുക്കളുടെ ഉന്നമനത്തിനായാണ് ദ്വയ എന്ന സംഘടന തുടങ്ങിയത്. ഇപ്പോള്‍ ദ്വയയുടെ നേതൃത്വത്തില്‍ ഇന്ത്യയിലുടനീളം പരിപാടികള്‍ നടത്തുന്നുണ്ട്. കുട്ടിക്കൂറ എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തു. ആത്മകഥയും കുട്ടിക്കൂറ എന്ന പേരിലാണ്. ശരീരം എങ്ങനെ കാത്തുസൂക്ഷിക്കണമെന്നതും എങ്ങനെ ഒരുങ്ങണമെന്നതും ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും അവര്‍ പറഞ്ഞു.