Thiruvananthapuram

നിയമസഭ പുസ്തകോത്സവം; ഇമ്മിണി വല്യ കാര്യങ്ങളുമായി ഊഞ്ഞാലുക്കുട്ടിയുമുണ്ട് മേളയില്‍

പുസ്തകം തുറന്ന് ഒറ്റയ്ക്കിരുന്ന് വായിക്കുന്നതിന്റെ സുഖം ഒരു ഓഡിയോ ബുക്കും തരില്ലെന്ന് കുട്ടി എഴുത്തുകാരി വരദ. കെ.എല്‍.ഐ.ബി.എഫിന്റെ ഇന്ററാക്റ്റീവ് സെഷനില്‍ സംസാരിക്കുകയായിരുന്നു വരദ. ഇന്നത്തെ കുട്ടികളില്‍ വായന ഇല്ലാത്തത് വീടുകളില്‍ കഥകള്‍ പറഞ്ഞു തരുന്ന മുത്തശ്ശനും മുത്തശ്ശിയുമില്ലാത്തതുകൊണ്ടാണെന്ന് വരദ പറയുന്നു. പുതുമയുള്ള ഇക്കാലത്തെ കഥകള്‍ കുട്ടികളാണ് മുതിര്‍ന്നവര്‍ക്ക് പറഞ്ഞു കൊടുക്കുന്നത്. ഓഡിയോ ബുക്കുകളെക്കാള്‍ പുസ്തകം തൊട്ട് തലോടി വായിക്കുന്നതാണ് ഇഷ്ടമെന്നും ഈ കുഞ്ഞ് എഴുത്തുകാരി പറയുന്നു.

നിയമസഭ പുസ്തകോത്സവം ഒന്നും രണ്ടും എഡിഷനുകളില്‍ കാഴ്ചകള്‍ കണ്ട് നടന്ന വരദ സ്പീക്കര്‍ എ എന്‍ ഷംസീറിനോട് ഒരു പരിഭവം പറഞ്ഞിരുന്നു, ”കുട്ടികള്‍ക്കല്ലേ പുസ്തകവുമായി കൂടുതല്‍ അടുപ്പം, പക്ഷേ പുസ്തകോത്സവത്തില്‍ കുട്ടികള്‍ക്ക് ഒന്നും ചെയ്യാന്‍ അവസരമില്ല”. വരദയുടെ ആവശ്യത്തിന് അടുത്ത പുസ്തകമേളയില്‍ പരിഹാരമുണ്ടാകും എന്ന് അന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കി. ഇത്തവണത്തെ പുസ്തകമേളയുടെ പ്രധാന ആകര്‍ഷണം സ്റ്റുഡന്റ്സ് കോര്‍ണര്‍ ആണ്. വരദയ്ക്ക് സ്പീക്കര്‍ നല്‍കിയ ഉറപ്പ് അങ്ങനെ ഈ മേളയില്‍ നടപ്പിലായി. വെള്ളിയാഴ്ച സ്റ്റുഡന്റ്സ് കോര്‍ണറില്‍ നടന്ന വായനാലോകത്തില്‍ ഇക്കാര്യങ്ങള്‍ വരദ അനുസ്മരിച്ചു.

അഞ്ഞൂറോളം പുസ്തകങ്ങള്‍ വായിച്ച്, അതിന്റെ ആസ്വാദനകുറിപ്പുകള്‍ എഴുതി പ്രസിദ്ധീകരിച്ച മിടുക്കിയാണ് വിളവൂര്‍ക്കല്‍ ജി എച്ച് എച്ച് എസിലെ അഞ്ചാം ക്‌ളാസുകാരി വരദ. ചിത്രകഥാപുസ്തകങ്ങളിലൂടെയാണ് വരദ വായനയുടെ ലോകത്തേക്ക് വന്നത്. കഥക്കൂട്ട് എന്ന പേരില്‍ വായിച്ച കഥകളുടെ ആസ്വാദനം എഴുതി വച്ചു. ഊഞ്ഞാലുക്കുട്ടിയുടെ ഇമ്മിണികാര്യങ്ങള്‍ എന്ന പേരില്‍ മൈന്‍ഡ് പബ്ലിക്കയിലൂടെ അത് പ്രസിദ്ധീകരിച്ചു. വീട്ടിലെ ഊഞ്ഞാലും അപ്പൂപ്പന്‍താടിയും കോഴിയും കാക്കയും മഞ്ചാടിക്കുരുവുമാണ് ഊഞ്ഞാലുക്കുട്ടിയുടെ ഇമ്മിണികാര്യങ്ങള്‍ എന്ന കഥയുടെ പ്രചോദനം. റേഡിയോ ജോക്കിയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ച വിശേഷങ്ങളും വരദ പങ്കുവച്ചു.

Latest News