Home Remedies

വീട്ടിൽ മുക്കിലും മൂലയിലും ചിലന്തിവല; ഒഴിവാക്കാൻ ചില വഴികൾ ഇതാ..

ഒട്ടുമിക്ക വീടുകളിലെയും പ്രധാന പ്രശ്‌നമാണ് ചിലന്തി വല. വീടിന്റെ മുക്കിലും മൂലയിലും ചിലന്തിവല കാണുമ്പോള്‍ വിഷമം തോന്നും. എത്ര വൃത്തിയാക്കിയിട്ടാലും കുറച്ചു ദിവസം കഴിയുമ്പോള്‍ ചിലന്തിവല വീണ്ടും പ്രത്യക്ഷപ്പെടും. ചെറുതും വലുതുമായ ചിലന്തിവലകളിൽ അഴുക്കും പൊടിപടലങ്ങളും അടിഞ്ഞുകൂടി വീടിന്റെ ഭംഗി നഷ്ടപ്പെടും. ചിലന്തിവലകൾ അടിക്കടി പ്രത്യക്ഷപ്പെടാതിരിക്കാനും നിലവിലുള്ളത് നീക്കം ചെയ്യാനും ചില വഴികൾ ഇതാ.

ചിലന്തിവലകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ

ഒരു പെയിന്റ് റോളറും ഡബിൾ സൈഡ് ടേപ്പും ഉണ്ടെങ്കിൽ മുക്കിലും മൂലയിലും പറ്റിപ്പിടിച്ച ചിലന്തിവലകൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. പെയിന്റ് റോളറിന്റെ സ്പോഞ്ചിൽ ഇരുവശത്തും പശയുള്ള ടേപ്പുകൾ ഒട്ടിച്ചു വയ്ക്കാം. അതിനുശേഷം ചിലന്തിവലയുള്ള ഭാഗത്ത് കൂടി ഈ റോളർ ഉരുട്ടി നീക്കിയാൽ മതിയാകും. വലയുടെ അംശം പോലും അവശേഷിപ്പിക്കാതെ പൂർണ്ണമായും അവ ടേപ്പിൽ ഒട്ടിപ്പിടിക്കും. എന്നാൽ റോളർ ഉരയ്ക്കുമ്പോൾ അധികം അമർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ടേപ്പ് പെയിൻ്റിൽ ഒട്ടിപ്പിടിച്ചു പോകാതിരിക്കാൻ വേണ്ടിയാണിത്.

നീളമുള്ള ഒരു വടിയെടുത്ത് അതിൽ മൈക്രോ ഫൈബർ തുണി ചുറ്റി ചിലന്തി വല നീക്കം ചെയ്യാനുള്ള ഉപകരണം ഉണ്ടാക്കാം. വടിയുടെ ഒരറ്റത്ത് തുണി ചുറ്റിവയ്ക്കുന്നതാവും ഉചിതം. അഴിഞ്ഞുപോകാതിരിക്കാൻ റബർ ബാൻഡോ ചരടോ ഉപയോഗിച്ച് മുറുക്കി കെട്ടി വയ്ക്കണം. ചിലന്തി വലകൾ മാത്രമല്ല ഭിത്തികൾ കൂടിച്ചേരുന്ന മൂലകളിലെ അഴുക്കും പൊടിപടലങ്ങളും വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം.

ചിലന്തിവല കെട്ടാതിരിക്കാൻ

വാതിലുകൾക്കും ജനാലകൾക്കും സമീപമുള്ള വിള്ളലുകളിലൂടെയാണ് പലപ്പോഴും പല ജീവികളും വീടിനുള്ളിൽ കയറിക്കൂടുന്നത്. അവയുടെ സാന്നിധ്യം ഒഴിവാക്കാൻ ഇത്തരം വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അത് അടയ്ക്കുക.

കുന്നുകൂടി കിടക്കുന്ന സാധനങ്ങൾക്കിടയിൽ ചിലന്തികൾ വലകെട്ടും. അതിനാൽ പതിവായി ഉപയോഗമില്ലാത്ത വസ്തുക്കൾ സ്റ്റോർറൂമിലാണെങ്കിലും കുമിഞ്ഞു കൂടാതെ ഒതുക്കി വയ്ക്കുക. ഒന്നോ രണ്ടോ ആഴ്ചയിൽ ഒരിക്കലെങ്കിലും ഒഴിഞ്ഞു കിടക്കുന്ന മൂലകളും സാധനങ്ങൾ അടിക്കുവച്ചിരിക്കുന്നതിന്റെ ഇടയിലുള്ള ഭാഗങ്ങളും പൊടിയും വലകളും തട്ടിക്കുടഞ്ഞു വയ്ക്കണം.

അൽപം ഗ്രാമ്പു എടുത്ത് ചതച്ചശേഷം സ്പ്രേ ബോട്ടിലിലേയ്ക്കിട്ട് വെള്ളം നിറയ്ക്കാം. ചിലന്തിവലകൾ പതിവായി കാണപ്പെടുന്ന സ്ഥലങ്ങൾ ഉണ്ടെങ്കിൽ അവിടെ ഈ വെള്ളം സ്പ്രേ ചെയ്തു കൊടുത്താൽ ചിലന്തികൾ ആ ഭാഗത്തേക്ക് പിന്നീടു വരില്ല.

ട്യൂബ് ലൈറ്റിന്റേതുപോലെ വെളുത്ത നിറത്തിലുള്ള പ്രകാശം കൂടുതലായും ചിലന്തികളെയും പ്രാണികളെയും ആകർഷിക്കും. അതിനാൽ കഴിയുമെങ്കിൽ വീടിന്റെ പുറത്തുള്ള ഭാഗങ്ങളിൽ എങ്കിലും വാം ലൈറ്റുകൾ ഉപയോഗിക്കുക.

Latest News