വ്യത്യസ്തമായ ഒരു പിടി ആശയങ്ങളുടെ സാക്ഷാത്കാരത്തിന്റെ ഫലമാണ് നിയമസഭ പുസ്തകോത്സവത്തിന്റെ വേദികള്‍ സന്ദര്‍ശകര്‍ക്കും ആസ്വാദകര്‍ക്കും സമ്മാനിക്കുന്നത്. ഇതര പുസ്തകമേളകളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതും അവര്‍ക്ക് വേണ്ടി നിയമസഭ പുസ്തകോത്സവത്തിൽ ഒരുക്കിയതുമായ സ്റ്റുഡന്‍സ് കോര്‍ണര്‍ നാലാം ദിനത്തിലും ശ്രദ്ധേയമായി.
നാലാം ദിനത്തില്‍ ഉച്ചയ്ക്കുശേഷം അരങ്ങേറിയ നാല് സെഷനുകള്‍ ആശയ വൈവിധ്യം കൊണ്ട് സദസിന്റെ പ്രിയപ്പെട്ടതായി മാറിയത്. ശ്യാംലാല്‍ വെമ്പായം അവതരിപ്പിച്ച പപ്പറ്റ് ഷോയോടെയാണ് ഉച്ചത്തെ സെക്ഷനുകള്‍ ആരംഭിച്ചത്. ഉച്ചയൂണ് കഴിച്ചതിന്റെ ആലസ്യം വിട്ടുമാറാന്‍ കുറച്ച് നര്‍മ്മവും അതുപോലെ പുതുമയും ഉള്‍പ്പെടുത്തി നടത്തിയ പപ്പറ്റ് ഷോ വ്യത്യസ്തമായി. സദസിലിരുന്ന കുട്ടികളെ കൈയിലെടുത്തുകൊണ്ട് ഷോയുടെ അവതാരകന്‍ ശരിക്കും സദസ്സിനെ അമ്പരപ്പിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത പപ്പറ്റ് ഷോ ആസ്വദിച്ച കുട്ടികളുടെ മുഖത്തെ അത്ഭുതവും ആകാംക്ഷയും പ്രകടമായിരുന്നു. വെറുമൊരു പപ്പറ്റ് ഷോ നടത്താതെ മികച്ച ഒരു ആശയമാണ് ശ്യാംലാല്‍ വെമ്പായം സദസ്സിനു മുന്നില്‍ അവതരിപ്പിച്ചത്.
തുടര്‍ന്ന് നടന്ന കുട്ടിക്കൊട്ടക കുട്ടികളുടെ ചലച്ചിത്രലോകത്തേക്ക് ഒരു കിളിവാതില്‍ എന്ന വിഷയത്തിലെ ഇന്‍ട്രാക്ടീവ് സെഷന്‍ വ്യത്യസ്ത അനുഭവമായി. അധ്യാപകനും സിനിമാപ്രവര്‍ത്തകനുമായ സുബിന്‍ ജോസ് അവതരിപ്പിച്ച സെഷനില്‍ മൂന്ന് ചെറു ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരുന്നു. അതിനുശേഷം പ്രദര്‍ശിപ്പിച്ച സിനിമയുടെ ആശയം സുബിന്‍ സദസ്സിലെ കുട്ടികളോട് വിവരിച്ചു നല്‍കി. നോര്‍മല്‍ മാക് ലാരന്റെ ക്ലാസിക് കോമഡി ചിത്രം ‘ എ ചെയറി ടെയ്ല്‍’, സത്യജിത്ത് റോയുടെ പ്രശസ്തമായ ‘ ടു ‘ എന്ന ചെറുചിത്രം, ഇറാനിയന്‍ ഫിലിം മേക്കര്‍ ബാബാക് അന്‍വറിയുടെ ‘ 2+2=5’ എന്നീ ചിത്രങ്ങളാണ് സെഷന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചത്. ചിത്രങ്ങളെ കുറിച്ച് മികച്ച അഭിപ്രായമാണ് സദസ്സില്‍ ഇരുന്ന കുട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
മൂന്നാമത്തെ സെഷന്‍ ജി എച്ച് എസ് എസ് വിളവൂര്‍ക്കലിലെ അഞ്ചാം ക്ലാസുകാരി വരദ ആര്‍ പിയാണ് നയിച്ചത്. വരദയുടെ വായനാലോകം എന്ന വിഷയത്തിലുള്ള സെഷനില്‍, തന്റെ വായനാ ലോകത്തെ കുഞ്ഞനുഭവങ്ങള്‍ വരദ വേദിയുമായി പങ്കുവെച്ചു. അഞ്ഞൂറോളം പുസ്തകങ്ങള്‍ വായിച്ച്, അതിന്റെ ആസ്വാദനകുറിപ്പുകള്‍ എഴുതി പ്രസിദ്ധീകരിച്ച മിടുക്കിയാണ് വരദ. ചിത്രകഥാപുസ്തകങ്ങളിലൂടെയാണ് വരദ വായനയുടെ ലോകത്തേക്ക് വന്നത്.
കഥക്കൂട്ട് എന്ന പേരില്‍ വായിച്ച കഥകളുടെ ആസ്വാദനം ഒരു ഡയറിയില്‍ എഴുതി വച്ചു. ഊഞ്ഞാലുക്കുട്ടിയുടെ ഇമ്മിണികാര്യങ്ങള്‍ എന്ന പേരില്‍ മൈന്‍ഡ് പബ്ലിക്കയിലൂടെ അത് പ്രസിദ്ധീകരിച്ചു. വീട്ടിലെ ഊഞ്ഞാലും അപ്പൂപ്പന്‍താടിയും കോഴിയും കാക്കയും മഞ്ചാടിക്കുരുവുമാണ് ഊഞ്ഞാലുക്കുട്ടിയുടെ ഇമ്മിണികാര്യങ്ങള്‍ എന്ന കഥയുടെ പ്രചോദനം. റേഡിയോ ജോക്കിയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ച വിശേഷങ്ങളും വരദ പങ്കുവച്ചു.
തുടര്‍ന്നു നടന്ന സംവേദനാത്മക സെഷനില്‍ മലയാളികള്‍ക്ക് സുപരിചിതനായ ജോബിയാണ് വേദിയിലെത്തിയത്. കളിയില്‍ അല്പം കാര്യം എന്ന വിഷയത്തില്‍ തന്റെ അനുഭവങ്ങളും കുട്ടികള്‍ക്കുള്ള ചെറുപദേശങ്ങളും ജോബി നല്‍കി. ഒരു നായയുടെയും അവനെ ശല്യം ചെയ്യാന്‍ വന്ന പൂച്ചയുടെയും കഥ പറഞ്ഞു സദസ്സിലിരുന്ന് കുട്ടികളെ കൈയില്‍ എടുത്ത ജോബി ഈ സെഷനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായ ഒരു അധ്യാപകനായി മാറി.