India

സ്കൂളിലെത്തിയ എട്ട് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത് – eight year old girl felt  uneasiness

ഗുജറാത്തിലെ അഹ്മദാബാദിൽ എട്ട് വയസുള്ള സ്കൂൾ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതെ രാവിലെ പതിവുപോലെ സ്കൂളിലെത്തിയ മൂന്നാം ക്ലാസുകാരി ക്ലാസിലേക്ക് നടന്നു പോകുന്നതിനിടെ വരാന്തയിൽ കുഴഞ്ഞവീഴുകയായിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അഹ്മദാബാദിലെ സെബർ സ്കൂളിലാണ് സംഭവം.

കുട്ടി ക്ലാസിലേക്ക് നടന്നു പോകുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് എന്തോ ക്ഷീണം തോന്നിയിട്ടെന്ന പോലെ അൽപ നേരം നിൽക്കുകയും പതുക്കെ നടന്നുപോയി വരാന്തയിലെ ഒരു ബെഞ്ചിൽ ഇരിക്കുകയും ചെയ്യുന്നു. ഇരിക്കുന്നതിന് തൊട്ടുമുമ്പ് കൈ നെഞ്ചിനു മുകളിൽ വെച്ചിരിക്കുന്നതും കാണാം. നിമിഷങ്ങൾക്കകം കുട്ടി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ഏതാനും അധ്യാപകരും മറ്റ് വിദ്യാർത്ഥികളും ഉടൻ തന്നെ അടുത്തേക്ക് ഓടിയെത്തി. കുട്ടിയെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കുഴഞ്ഞുവീണതിന് പിന്നാലെ ശ്വാസം കിട്ടുന്നില്ലെന്ന് കുട്ടി പറഞ്ഞു. കുട്ടിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉള്ളതായി അറിവില്ലെന്ന് പ്രിൻസിപ്പൽ ശർമിഷ്ഠ സിൻഹ പറഞ്ഞു. ഹൃദയാഘാതമാണ് മരണ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. കുട്ടിയുടെ മാതാപിതാക്കൾ മുംബൈയിലാണുള്ളത്.

STORY HIGHLIGHT: eight year old girl felt  uneasiness