കൊച്ചി: വണ്ടിപ്പെരിയാറിൽ 2007ൽ അൻപത്തിയഞ്ചുകാരിയെയും മകളെയും പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ രണ്ടാം പ്രതിയെ, വധശിക്ഷ റദ്ദാക്കി ഹൈക്കോടതി വിട്ടയച്ചു. പീരുമേട് 57–ാം മൈൽ പെരുവേലിൽ പറമ്പിൽ ജോമോനെ (38) ആണ് ജസ്റ്റിസ് പി.ബി.സുരേഷ്കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിട്ടയച്ചത്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം വധശിക്ഷ വിധിച്ചത് അംഗീകരിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ജോമോൻ നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. തൊടുപുഴ അഡിഷനൽ സെഷൻസ് കോടതിയുടെ ഉത്തരവാണു റദ്ദാക്കിയത്. എന്നാൽ ഒന്നാം പ്രതി രാജേന്ദ്രനു വധശിക്ഷ വിധിച്ചതു ഹൈക്കോടതി നേരത്തേ ശരിവച്ചിരുന്നു.
2007 ഡിസംബർ മൂന്നിന് വൈകുന്നേരം അഞ്ചരയ്ക്കാണ് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബർ രണ്ടിന് രാത്രി കൃത്യം നടന്നെന്നായിരുന്നു കേസ്. ഒന്നാം പ്രതിക്കൊപ്പം രണ്ടാം പ്രതിയും കൃത്യത്തിൽ പങ്കെടുത്തുവെന്നായിരുന്നു കേസ്. എന്നാൽ 2007 ഡിസംബർ രണ്ടിന് രണ്ടരയോടെ രാജേന്ദ്രൻ തന്റെ വീട്ടിൽനിന്ന് പോയതാണെന്നും പിന്നീട് അഞ്ചിന് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിൽ വച്ചാണു കണ്ടതെന്നും ഉൾപ്പെടെ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയതടക്കം കോടതി കണക്കിലെടുത്തു. ഇവരെ ഒരുമിച്ചു കണ്ടെന്നുൾപ്പെടെയുള്ള സാക്ഷിമൊഴികൾ ഹർജിക്കാരനെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പര്യാപ്തമല്ലെന്നു കോടതി പറഞ്ഞു. ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ പി.വിജയഭാനു, മിത സുധീന്ദ്രൻ എന്നിവർ ഹാജരായി.