പൂയപ്പള്ളി: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. ചെറിയവെളിനല്ലൂർ മോട്ടർകുന്ന് കുഴിവിളവീട്ടിൽ ഷെമീർ (36) ആണ് പോക്സോ പ്രകാരം അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച ട്യൂഷനു പോകുകയായിരുന്ന വിദ്യാർഥിനിയെ പൂയപ്പള്ളിയിൽ സ്കൂളിലെ അധ്യാപകനായ ഷെമീറും സുഹൃത്തും ചേർന്നു കാറിൽ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു പരാതി. പെൺകുട്ടി ട്യൂഷൻ സെന്ററിൽ എത്താത്തതിനെത്തുടർന്നു പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതോടെ പ്രതികൾ കുട്ടിയെ വഴിയിൽ ഇറക്കിവിട്ടു കാർ ഉപേക്ഷിച്ചു കടന്നു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു മുൻപാകെ ഹാജരാക്കി നടത്തിയ കൗൺസലിങ്ങിലാണു കുട്ടി മൊഴി നൽകിയത്. അന്വേഷണം നടക്കുന്നതിനിടെ ഷെമീർ സ്കൂളിലെത്തിയ വിവരമറിഞ്ഞു പൊലീസെത്തി. സ്കൂളിന്റെ പിൻവശത്തുകൂടി കടക്കാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്നു പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.