Kerala

മകരവിളക്കിനൊരുങ്ങി സന്നിധാനം: എരുമേലി പേട്ടതുള്ളൽ ഇന്ന്

ശബരിമല: മകര വിളക്കിനായുള്ള തയാറെടുപ്പാണ് എവിടെയും. ജ്യോതി ദർശനത്തിനായി സന്നിധാനത്തെ എല്ലാ വ്യൂ പോയന്റുകളിലും ദിവസങ്ങൾക്കു മുൻപേ തീർഥാടകർ സ്ഥാനം പിടിച്ചു. ദർശനം കഴിഞ്ഞവർ മലയിറങ്ങാതെ ജ്യോതി കാണാവുന്ന സ്ഥലങ്ങളിലേക്ക് കാടു കയറുകയാണ്. അമ്പലപ്പുഴ – ആലങ്ങാട് സംഘത്തിന്റെ ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും.

തിരുവാഭരണ ഘോഷയാത്ര നാളെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. മകരസംക്രമ പൂജയ്ക്കും തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്കും ദേവനെയും ശ്രീലകവുമൊരുക്കുന്ന ശുദ്ധിക്രിയകൾ നാളെ തുടങ്ങും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് ബ്രഹമദത്തന്റെ കാർമികത്വത്തിൽ പ്രാസാദ ശുദ്ധി ക്രിയകൾ നടക്കും. 13ന് ബിംബശുദ്ധിക്രിയകൾ ശ്രീകോവിലിനുള്ളിലും നടക്കും.

മകരവിളക്ക് ദിവസമായ 14ന് സാധാരണ പോലെ 7.30ന് ഉഷഃപൂജ നടക്കും. 8ന് പൂർത്തിയാകും. 8.30ന് ശ്രീകോവിൽ കഴുകി മകര സംക്രമ പൂജയ്ക്കായി അയ്യപ്പ സ്വാമിയെ ഒരുക്കും. 8.50 മുതൽ 9.30 വരെ സംക്രമ പൂജയും അഭിഷേകവും തുടരും. കവടിയാർ കൊട്ടാരത്തിൽ നിന്നുള്ള അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമ വേളയിൽ തന്ത്രി അഭിഷേകം ചെയ്യുന്നത്.