Business

കായ വറുത്തും കോടികൾ നേടാം ! മലയാളി സ്റ്റാർട്ടപ്പ് നേടിയത് 300 കോടിയുടെ മൂല്യം

കായ വറുത്തത് ഇഷ്ടപ്പെടാത്ത മലയാളികൾ ഇല്ല. നിസാരമല്ല ഈ ചിപ്സ്. ഇതിലൂടെ നേട്ടം കൊയ്ത മലയാളിയുണ്ട്. കേരളം ആസ്ഥാനമായ ബനാന ചിപ്സ‌് സ്റ്റാർട്ടപ്പായ ‘ബിയോണ്ട് സ്നാക്’ (beyondsnack.in) 70 പയുടെ മൂലധന ഫണ്ടിങ് നേടി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ മാനസ് മധുവിൻ്റെ നേതൃത്വത്തിൽ 2020-ൽ തുടങ്ങി ഇപ്പോൾ 300 കോടി രൂപ മൂല്യം കണക്കാക്കിയാണ് ഇടപാട്.

നേരത്തേ 33 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഈ റൗണ്ട് കൂടിയാകുമ്പോൾ ഇതുവരെ സമാഹരിച്ച തുക 100 കോടി കടക്കും. വിവിധ രുചിഭേദങ്ങളിലുള്ള കായ വറുത്തത് പാക്കറ്റിലാക്കി വിൽക്കുന്ന ബിയോണ്ട് സ്‌നാക് ഉത്പന്നങ്ങൾ നിലവിൽ ഡൽഹി, യു.പി, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായി 20,000 കടകളിൽ ലഭ്യമാണ്. കൂടുതൽ പ്രദേശങ്ങളിലേക്ക് വിപണി വിപുലീകരിക്കാനാണ് പുതുതായി സമാഹരിക്കുന്ന തുക വിനിയോഗിക്കുകയെന്ന് ബിയോണ്ട് സ്‌നാക് കോ-ഫൗണ്ടറും സി .ഇ.ഒ.യുമായ മാനസ് മധു പറഞ്ഞു.

മഹാരാഷ്ട്ര സ്വദേശികളായ ജ്യോതിരാജ്‌ഗുരു, ഗൗതം രഘുരാമൻ എന്നിവരാണ് കോ-ഫൗണ്ടർമാർ. ഉപഭോക്തൃ ഉത്പന്ന കമ്പനികളിൽ നിക്ഷേപം നടത്തുന്ന ’12 ഫ്ലാഗ്’ നേതൃത്വം നൽകിയ ഈ നിക്ഷേപറൗണ്ടിൽ നിലവിലുള്ള നിക്ഷേപകരായ എൻ.എ.ബി. വെഞ്ചേഴ്സ്, ഫാഡ് തുടങ്ങിയവ പങ്കാളികളായി.

ഈ ബിസിനസിലേക്ക് മാൻസ് എത്തിയ കഥ ഇങ്ങനെയാണ്. മാനസ് മധു മുംബയിലേക്ക് യാത്ര നടത്തുന്നതിനിടെ  വഴിയില്‍  നിന്ന് കായ ഉപ്പേരി വാങ്ങാനിടയായി. പക്ഷേ, സകല പ്രതീക്ഷകളും നശിച്ചു. കേരള ഉപ്പേരി എന്ന പേരില്‍ കിട്ടിയത് നിലവാരമോ സ്വാദോ ഇല്ലാത്ത ചിപ്‌സായിരുന്നു. യാത്രയ്ക്കിടെ വാങ്ങിയ ആ കായ ഉപ്പേരിയില്‍ നിന്നാണ് മാനസ് മധുവിന്റെ മനസ്സില്‍ സംരംഭക ആശയം ഉദിച്ചത്. കേരളത്തിന്റെ സ്വന്തം കായ ഉപ്പേരി ഏറ്റവും മോശം രൂപത്തില്‍ കഴിക്കാന്‍ ഇടവന്നതോടെ അതിനെ പുതുലമുറയ്ക്കും ലോകത്തിനാകെയും ആസ്വാദ്യകരമാക്കും വിധം എങ്ങനെ അവതരിപ്പിക്കാമെന്നായി മാനസ് മധുവിന്റെ ചിന്ത. ആ ചിന്തയില്‍ നിന്നാണ് ബിയോണ്ട് സ്‌നാക്കിന്റെ പിറവി. ആലപ്പുഴയില്‍ പിറന്ന ബിയോണ്ട് സ്‌നാക്കിലൂടെ കേരളത്തിന്റെ സ്വന്തം കായ ഉപ്പേരി ഒരു ഗ്ലോബല്‍ സെന്‍സേഷനായി മാറുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്.

2019ലാണ് ബിയോണ്ട് സ്‌നാക്ക് പിറന്നത്. 2020ൽ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു. മികച്ച നിലവാരം, ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത ഉത്പാദനം, തനത് സ്വാദ് ഒട്ടുംചോരാത്ത കായ ചിപ്‌സ് – ഇവയാണ് ബിയോണ്ട് സ്‌നാക്കിന്റെ പ്രധാന മികവുകള്‍. ഈ മികവുകൾ വില്‍പന അതിവേഗമാക്കാനും ഉപഭോക്തൃ മനം കീഴടക്കാനും ബിയോണ്ട് സ്‌നാക്കിനെ സഹായിച്ചു.