ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. കനത്ത മൂടല്‍മഞ്ഞ് വ്യോമ-റെയില്‍ ഗതാഗതത്തെ സാരമായി ബാധിക്കുന്നു. വിമാനത്താവളങ്ങളിലെ റണ്‍വേയിലെ കാഴ്ചപരിധി പൂജ്യമായി തുടരുന്നത് വിമാന സര്‍വീസുകള്‍ വൈകാന്‍ കാരണമായി. വരും ദിവസങ്ങളില്‍ താപനില 5 ഡിഗ്രി സെല്‍ഷ്യസില്‍ താഴ്‌ന്നേക്കും. മൂടല്‍മഞ്ഞ് രൂക്ഷമായതോടെ ദില്ലിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഞ്ഞും, അന്തരീക്ഷമലിനീകരണം മൂലമുള്ള പുകയും കാരണം നഗരങ്ങളില്‍ പലയിടങ്ങളിലും ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്.
ഗസിയബാദ്, നോയിഡ എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. അന്തരീക്ഷം തെളിഞ്ഞുകാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ദില്ലി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂറോളം വിമാനങ്ങള്‍ വൈകി. കാഴ്ചപരിധി കുറയുന്നത് വിമാന സര്‍വീസുകളെ ബാധിക്കുന്നുണ്ട്. ഹൃദയസംബന്ധ രോഗമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളില്‍ താപനില താഴുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.