Food

ഇന്ന് പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കിയാലോ?

ഇന്ന് ഉച്ചയൂണിന് പെപ്പെർ ചിക്കൻ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു പെപ്പെർ ചിക്കൻ റെസിപ്പി. വളരെ എളുപ്പത്തിൽ ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ചിക്കന്‍ കഷണങ്ങളാക്കിയത് – 1.5 Kg
  • കുരുമുളകുപൊടി – 2 ടേബിൾസ്പൂൺ
  • പച്ചമുളക് – 5 എണ്ണം
  • മഞ്ഞള്‍ പൊടി – 1/2 ടീസ്പൂൺ
  • ചിക്കന്‍ മസാല or മീറ്റ് മസാല – 2 ടീസ്പൂൺ
  • ഇഞ്ചി – ഒരു ഇടത്തരം കഷണം
  • വെളുത്തുള്ളി – 7 എണ്ണം
  • എണ്ണ – 6 ടേബിൾസ്പൂൺ
  • സവോള (വലുത് ) – 4 എണ്ണം
  • തക്കാളി (വലുത് ) – 2 എണ്ണം
  • തേങ്ങാപ്പാല്‍ – 3/4 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കോഴി നുറുക്കിയത് നന്നായി കഴുകി വെള്ളം വാര്‍ന്നു പോകാന്‍ വെക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കുക. ചൂടായി വരുമ്പോള്‍ അതിലേക്ക് ആദ്യം ഒരു തണ്ട് കറിവേപ്പില ഇടുക. എന്നിട്ട് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് ചേര്‍ക്കുക. ഇത് ചെറുതായി വാടിവരുമ്പോള്‍ സവോള അരിഞ്ഞതും പച്ചമുളക് കീറിയതും ചേര്‍ത്ത് വഴറ്റുക. ഒരു ഗോള്‍ഡന്‍ ബ്രൗണ്‍ കളര്‍ ആവുന്നതുവരെ വഴറ്റണം.

അതിലേക്ക് മഞ്ഞള്‍പൊടി, ചിക്കന്‍ മസാല, കുരുമുളക്‌പൊടി ഇവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക. പൊടികളുടെ പച്ച മണം മാറുന്നതുവരെ വഴറ്റണം. അതിനു ശേഷം തക്കാളി അരിഞ്ഞത് ചേര്‍ത്ത് ഇളക്കി മൂടി വെക്കുക. ഇടയ്ക്കു മൂടി മാറ്റി ഇളക്കി കൊടുക്കണം. തക്കാളി വെന്തു കുഴഞ്ഞു വരുമ്പോള്‍ ഇതിലേക്ക് കോഴി കഷണങ്ങളും ഉപ്പും ചേര്‍ത്ത് ഇളക്കി മൂടി വെക്കുക. വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല.

ചിക്കനില്‍നിന്ന് ഇറങ്ങുന്ന വെള്ളത്തില്‍ കിടന്ന് ചിക്കന്‍ വെന്തുകൊള്ളും. തീ കുറച്ചു ഇടുക. ഇടയ്ക്കു മൂടി മാറ്റി ഇളക്കി കൊടുക്കണം. അല്ലെങ്കില്‍ ചുവട്ടില്‍ പിടിക്കും. ചിക്കന്‍ വെന്തു കഴിയുമ്പോള്‍ എണ്ണ മുകളില്‍ തെളിഞ്ഞു വരും. അപ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കുക. ഒരു രണ്ടു മിനിറ്റ് കഴിയുമ്പോള്‍ കുറച്ചു കറിവേപ്പില കൂടെ ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്ന് മാറ്റിവെയ്ക്കുക. അതിനു ശേഷം ഒരു 20 മിനിട്ടുകൂടി കഴിഞ്ഞു ഉപയോഗിക്കുന്നതാവും കൂടുതല്‍ രുചികരം.