ലോകത്തിൽ തന്നെ ഏറ്റവും അധികം തുക സമ്മാനമായി ലഭിക്കുന്ന മാരത്തൺ മത്സരങ്ങളിൽ ഒന്നായ ദുബായ് മാരത്തൺ ഞായറാഴ്‌ച നടക്കും. ഇതിൻ്റെ ഭാഗമായി നഗരത്തിലെ വിവിധ റോഡുകൾ ഞായറാഴ്‌ച രാവിലെ അടച്ചിടും. നാളെയും മറ്റന്നാളും ദുബായ് മെട്രോ കൂടുതൽ സമയം സർവ്വീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
നാല് കിലോമീറ്റർ ഫൺ റൺ, 10 കിലോമീറ്റർ റൺ, 42 കിലോമീറ്റർ മാരത്തൺ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് ദുബായ് മാരത്തൺ. ഞായറാഴ്‌ച രാവിലെ ആറു മണിയോടെയാണ് മത്സരങ്ങൾ ആരംഭിക്കുക. പത്തരയോടെ നാല് കിലോമീറ്റർ ഫൺറൺ നടക്കും. ജുമൈറയിൽ മദീനത്ത് ജുമൈറയുടെ എതിർവശത്ത് നിന്നുമാണ് മാരത്തൺ ആരംഭിക്കുന്നത്. ഉംസുഖീം റോഡിലാണ് മാരത്തണിൻ്റെ തുടക്കവും സമാപനവുമെന്ന് അധികൃതർ അറിയിച്ചു. വിവിധ വിഭാഗങ്ങളിലായി അഞ്ചുലക്ഷത്തി അയ്യായിരത്തോളം ഡോളറാണ് സമ്മാനത്തുക.
ദുബായ് മാരത്തണിന്റെ ഭാഗമായി നഗരത്തിൽ ശക്തമായ ഗതാഗത നിയന്ത്രണം ഞായറാഴ്‌ച ഏർപ്പെടുത്തും. ഉംസുഖീം റോഡിലൂടെ ഉച്ചവരെ വാഹനങ്ങൾ നടത്തിവിടില്ല. കിംഗ് സൽമാൻ സ്ട്രീറ്റ്, അൽ സുഫൂഹ്, മദീനത്ത് ജുമൈറ, ബുർജ് അൽ അറബ് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ശനിയാഴ്‌ചയും ഞായറാഴ്‌ചയും ദുബായ് മെട്രോ കൂടുതൽ സമയം സർവ്വീസ് നടത്തുമെന്നും പുലർച്ചെ 5 മണിക്ക് സർവ്വീസ് ആരംഭിക്കുമെന്നും റോഡ്‌സ് ആന്റ് ട്രാൻസ്പോർട് അതോരിറ്റി അറിയിച്ചു. മാരത്തണില്‍ എത്തുന്നവര്‍ക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനാണ് മെട്രോയുടെ സമയം നീട്ടിയത്.