രാഹുല്‍ ഈശ്വറിനെതിരെ പൊലിസില്‍ പരാതി നല്‍കി നടി ഹണി റോസ്. ബോബി ചെമ്മണൂരിനെതിരെ താൻ നൽകിയ പരാതിയുടെ ഗൗരവം ഇല്ലാതാക്കാനും, ജനങ്ങളുടെ പൊതുബോധം തനിക്ക് നേരെ തിരിക്കാനുമുള്ള ഉദ്ദേശത്തോടെ സൈബര്‍ ഇടങ്ങളിൽ അതിക്രമം നടത്തുന്നു എന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും. അതിന്റെ പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വറാണെന്നും ഹണി റോസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. രാഹുലും ഈശ്വറും ബോബി ചെമ്മണ്ണൂരിന്റെയും പിആര്‍ ഏജന്‍സികളും സംഘടിതമായി തന്നെ ആക്രമിക്കുന്നു. രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ഹണി റോസ് സമൂഹമാധ്യമത്തിൽ കുറിച്ചു.
തനിക്കെതിരെ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ നിയമത്തിന്റെ വഴി തിരഞ്ഞെടുത്തത്. തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും തൊഴില്‍ നിഷേധരീതിയിലും നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോര്‍വിളി കമന്റുകള്‍ക്കും ആഹ്വാനം നടത്തിയ രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടി കൈകൊള്ളുന്നുവെന്ന് ഹണിറോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
രാഹുല്‍ ഈശ്വറിനെതിരായ പരാതിയെ പൊലീസ് എങ്ങനെ സമീപിക്കുമെന്നതാണ് നിര്‍ണ്ണായകം. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്താല്‍ രാഹുലിനേയും അറസ്റ്റ് ചെയ്യേണ്ടി വരും.