സൗഹൃദം സ്ഥാപിച്ച് യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍. കുറ്റിപ്പുറം തങ്ങൾപ്പടിയിലെ ലോഡ്ജിൽ താമസക്കാരായ യാസ്മിൻ ആലം (19) ഖദീജ ഖാത്തൂൻ എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. തങ്ങള്‍പടിയിലെ സ്വകാര്യ ലോഡ്ജില്‍നിന്ന് വെള്ളിയാഴ്ചയാണ് ഇരുവരേയും പൊലിസ് പിടികൂടിയത്.
യുവാവില്‍ നിന്നും പത്ത് ലക്ഷം രൂപ തട്ടിയ സംഘം വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എടപ്പാളിലെ ഒരു മൊബൈല്‍ ഫോണ്‍ വില്‍പ്പന കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന യുവാവാണ് ഇരുവരുടേയും കെണിയില്‍ കുടുങ്ങിയത്. നേരത്തെ മുംബൈയില്‍ ജോലി ചെയ്തിരുന്ന യുവാവിന് ഹിന്ദി സംസാരിക്കാന്‍ അറിയാം. മൊബൈല്‍ഫോണ്‍ വില്‍പ്പന കേന്ദ്രത്തില്‍ വന്നിരുന്ന യാസ്മിന്‍ ആലവുമായി യുവാവാണ് കാര്യങ്ങള്‍ സംസാരിച്ചിരുന്നത്.
യാസ്മിന്‍ ആലവുമായി സൗഹൃദത്തിലായതിന്റെ മറവില്‍ യുവാവിനെ താമസസ്ഥലത്തേക്കു വരുത്തി സുഹൃത്തായ ഖദീജ കാത്തൂനെ ഉപയോഗിച്ച് ഹണി ട്രാപ്പില്‍പ്പെടുത്തിയെന്നാണ് പരാതി. യുവാവും ഖദീജയുമൊത്തുള്ള ദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യാസ്മിന്‍ പിന്നീട് യുവാവിനെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ യാസ്മിന്‍ വീണ്ടും ഭീഷണി തുടര്‍ന്നു.
ഇതോടെ യുവാവ് ബെംഗളൂരുവിലുള്ള സഹോദരിയോടു പണം ആവശ്യപ്പെട്ടതോടെയാണ് വീട്ടുകാര്‍ കാര്യം അറിയുന്നതും പിന്നീട് കുറ്റിപ്പുറം പോലീസില്‍ പരാതി നല്‍കുന്നതും. പിടിയിലായവരില്‍നിന്ന് മൊബൈല്‍ ഫോണുകളും ഭീഷണിപ്പെടുത്താനായി ചിത്രീകരിച്ച വീഡിയോകള്‍, ഫോട്ടോകള്‍, ബാങ്ക് അക്കൗണ്ട്‌സ് വിവരങ്ങള്‍ എന്നിവയും പോലീസ് കണ്ടെടുത്തു.