Business

വൻ വികസന നേട്ടത്തിന് ഒരുങ്ങി ഡിമാക് സ്റ്റീൽ ; പ്രാഥമിക ഓഹരി വിൽപ്പന അവസാനിച്ചു

വൻ വികസനത്തിന് ഒരുങ്ങുകയാണ് കേരളം ആസ്ഥാനമായുള്ള ന്യൂമലയാളം സ്റ്റീൽ ലിമിറ്റഡ്. പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) പൂർത്തിയാക്കി നാഷണൽ സ്റ്റോക് എക്സ്‌ചേഞ്ചിന്റെ എസ്.എം.ഇ. പ്ലാറ്റ്‌ഫോമിൽ ഓഹരികൾ വിജയകരമായി ലിസ്റ്റ് ചെയ്തു. . ‘ഡിമാക്’ എന്ന ബ്രാൻഡിൽ സ്റ്റീൽ ജി.പി. പൈപ്പുകളും ട്യൂബുകളും വിൽക്കുന്ന കമ്പനി തൃശ്ശൂർ ജില്ലയിലെ മാള പള്ളിപ്പുറം ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. മംഗളൂരുവിൽ സംയുക്ത സംരംഭമായി പ്രീഫാബ് ഫാക്ടറിയും പാലക്കാട് കിൻഫ്ര പാർക്കിലെ ഡിമാക് ഇൻഡ്‌സ്ട്രീസിൻ്റെയും നിലവിലുള്ള സ്റ്റീൽ ഫാക്ടറിയുടെയും വിപുലീകരണവുമാണ് പദ്ധതികൾ.

പ്രതിമാസം 6,000 ടൺ ജി.പി. പൈപ്പുകളും ട്യൂബുകളുമാണ് മാളയിലെ ഫാക്ടറിയിൽ നിലവിൽ ഉത്പാദിപ്പിക്കുന്നത്. ഈ ഫാക്ടറി വിപുലീകരിക്കാൻ പദ്ധതിയുണ്ട്. ഇതിനുപുറമെ, പ്രീഫാബ് ബിൽഡിങ് മെറ്റീരിയലുകളുടെ നിർമാണ-സേവന രംഗത്തേക്ക് ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന ‘പ്രൈം’ എന്ന കമ്പനിയുമായി സംയുക്ത സംരംഭത്തിലൂടെയാണ് ഇത്. മംഗലാപുരം തുറമുഖത്തിനടുത്ത് 10 ഏക്കറിൽ 20 കോടി രൂപ മുതൽമുടക്കിൽ പുതിയ പ്രീഫാബ് ഫാക്ടറി സ്ഥാപിക്കുമെന്നും കയറ്റുമതി ലക്ഷ്യമിട്ടാണ് ഇതെന്നും ന്യൂമലയാളം സ്റ്റീൽ മാനേജിങ് ഡയറക്ടർ വി.ഡി. വർഗീസ് പറഞ്ഞു. പ്രാരംഭ ഓഹരി വിൽപനയിൽ നിന്നുള്ള വരുമാനം കമ്പനി വികസനത്തിനായി വിനിയോഗിക്കും.

അദ്ദേഹത്തിനു പുറമെ, മഹേന്ദ്ര കുമാർ ജെയിൻ (ചെയർമാൻ), സിറിയക് വർഗീസ്, ഡേവിഡ് വർഗീസ്, ദിവ്യകുമാർ ജെയിൻ (എക്സിക്യുട്ടീവ് ഡയറക്ടർമാർ) എന്നിവർ കൂടി അടങ്ങുന്നതാണ് കമ്പനിയുടെ പ്രമോട്ടർമാർ. ഗ്രൂപ്പിനു കീഴിലുള്ള മറ്റൊരു കമ്പനി, ‘ഡിമാക് മൾട്ടിബോർഡ്’ എന്ന ബ്രാൻഡിൽ പി.വി.സി. ബോർഡുകൾ, ഡബ്ല്യു.പി.സി. ഡോറുകൾ എന്നിവ ഉത്പാദിപ്പിക്കുന്നുണ്ട്. പാലക്കാടാണ് ഇതിന്റെ ഫാക്ടറി.