Kerala

ഭാവ ഗായകന്‍ മടങ്ങുന്നു; ആ സ്വരം ഇനി ഓര്‍മകളില്‍, പി ജയചന്ദ്രന് വിട നല്‍കി കേരളം

ഭാവ​ഗായകൻ ഇനി ഓർമകളിൽ. അന്തരിച്ച പ്രിയ ​ഗായകൻ പി ജയചന്ദ്രന് വിട നൽകി കേരളം. മൃതദേഹം ചേന്നമംഗലം പാലിയത്തെ ശ്മശാനത്തിൽ സംസ്കരിച്ചു. സർക്കാരിന്റെ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ഇന്നലെ പൂങ്കുന്നത്തെ വീട്ടിലും കേരള സംഗീത നാടക അക്കാദമിയിലും പൊതു ദർശനത്തിനു വച്ച ശേഷം മൃതദേഹം ഇന്ന് ഇരിങ്ങാലക്കുടയിലെത്തിച്ചിരുന്നു.

പി ജയചന്ദ്രൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൊതുദർശനത്തിന് ശേഷമാണ് വീട്ടിലെത്തിച്ചത്. പതിനായിരങ്ങളാണ് പ്രിയ​ഗായകനെ ഒരുനോക്ക് കാണാനായി രണ്ടുദിവസമായി ഒഴുകിയെത്തിയത്. വിവിധ തുറകളിലുള്ള പ്രമുഖർ പ്രിയ​ഗായകന് അന്ത്യോപചാരമർപ്പിക്കാനെത്തി.

ഡിസംബർ ഒമ്പത് വൈകീട്ട് എട്ട് മണിയോടെയാണ് ജയചന്ദ്രൻ മരിച്ചത്. ഏഴ് മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.

1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്ത് രവി വര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായാണ് ജനനം. 1966 ല്‍ കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്‌കരന്‍-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്.

ചിദംബരനാഥില്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു. 1986-ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീതസാന്നിധ്യമായി. 1973 ല്‍ പുറത്തിറങ്ങിയ ‘മണിപ്പയല്‍’ എന്ന സിനിമയിലെ ‘തങ്കച്ചിമിഴ് പോല്‍’ ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം.1982 ല്‍ തെലുങ്കിലും 2008 ല്‍ ഹിന്ദിയിലും വരവറിയിച്ചു. സിനിമാഗാനങ്ങള്‍ക്ക് പുറമേ ജയചന്ദ്രന്‍ ആലപിച്ച ഭക്തിഗാനങ്ങളും ആസ്വാദക മനസുകളില്‍ ഇടംപിടിച്ചവയാണ്.