Tech

2024-ൽ ആപ്പിൾ സിഇഒ ടിംകുക്ക് എത്രസമ്പാദിച്ചു? ആപ്പിളിന്‍റെ വാര്‍ഷിക പ്രോക്സി ഫയലിംഗിലാണ് പുറത്ത് | apple-ceo-tim-cook

2024ല്‍ ആപ്പിളില്‍ നിന്ന് ടിം കുക്കിന് ലഭിച്ച കോടികളുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്

കാലിഫോര്‍ണിയ: ലോകത്തെ ഏറ്റവും ശ്രദ്ധേയമായ മാനേജ്‌മെന്‍റ് ജോലികളില്‍ ഒന്നാണ് ടെക് ഭീമനായ ആപ്പിളിന്‍റെ സിഇഒ പദവി. ഐഫോണ്‍ 16 സിരീസ് അടക്കം പുറത്തിറക്കിയ 2024 വര്‍ഷത്തില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് എത്ര രൂപ കമ്പനിയില്‍ നിന്ന് സമ്പാദിച്ചിട്ടുണ്ടാകും. 2024ല്‍ ആപ്പിളില്‍ നിന്ന് ടിം കുക്കിന് ലഭിച്ച കോടികളുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്.

ടിം കുക്കിന്‍റെ വേതന വിവരം ആപ്പിളിന്‍റെ വാര്‍ഷിക പ്രോക്സി ഫയലിംഗിലാണ് പുറത്തുവന്നത്. ടിം കുക്കിന് 2024ല്‍ ആപ്പിളില്‍ നിന്ന് ആകെ ഏകദേശം 74.6 ദശലക്ഷം ഡോളറാണ് (6,43,01,86,366 ഇന്ത്യന്‍ രൂപ) പ്രതിഫലമായി ലഭിച്ചത്. തൊട്ടുമുമ്പത്തെ വര്‍ഷം 2023ല്‍ ടിം കുക്കിന് ലഭിച്ച പ്രതിഫലം 63.2 ദശലക്ഷം ഡോളറായിരുന്നു. 2023നെ അപേക്ഷിച്ച് 2024ല്‍ പ്രതിഫലത്തില്‍ ടിം കുക്കിന് 18 ശതമാനം വര്‍ധനവുണ്ടായി. ടിം കുക്കിന് 2024ല്‍ ലഭിച്ച 74.6 ദശലക്ഷം ഡോളറില്‍ 3 ദശലക്ഷം ഡോളര്‍ അടിസ്ഥാന ശമ്പളമാണ്. 58 ദശലക്ഷം ഡോളര്‍ സ്റ്റോക് അവാര്‍ഡും, 12 ദശലക്ഷം ഡോളര്‍ പെര്‍ഫോമന്‍സ് അടിസ്ഥാനത്തിലുള്ള ബോണസും, 1.5 ദശലക്ഷം ഡോളര്‍ മറ്റ് ആനുകൂല്യങ്ങളുമാണ്. സ്വകാര്യ വിമാന യാത്ര, ലൈഫ് ഇന്‍ഷൂറന്‍സ് പ്രീമിയം, വെക്കേഷന്‍ കാഷ്-ഔട്ട്, സുരക്ഷ എന്നിങ്ങനെ മറ്റ് ചിലവുകളുമുണ്ട്.

2024ല്‍ ആകെ 59 മില്യണ്‍ ഡോളര്‍ മൂല്യമുള്ള പ്രതിഫലമാണ് ടിം കുക്കിന് നല്‍കാന്‍ ആപ്പിള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അദേഹത്തിന് മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച ഇന്‍സന്‍റീവുകള്‍ ഈ ടാര്‍ഗറ്റ് മറികടക്കുകയായിരുന്നു. എന്നിരുന്നാലും 2022ല്‍ ഏകദേശം 100 ദശലക്ഷത്തോളം ഡോളര്‍ പ്രതിഫലം ലഭിച്ച കണക്ക് മറികടന്നില്ല. 2022ലെ പാക്കേജ് കുറയ്ക്കാന്‍ പിന്നീട് ടിം കുക്കും ആപ്പിള്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരും ധാരണയിലെത്തിയിരുന്നു. 2025ലേക്ക് ടിം കുക്കിന്‍റെ പ്രതിഫല ഘടനയില്‍ യാതൊരു മാറ്റവും ആപ്പിള്‍ ബോര്‍ഡ് വരുത്തിയിട്ടില്ല എന്നും പ്രോക്സി ഫയലിംഗ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

content highlight : how-much-apple-ceo-tim-cook-earned-in-2024