കാലിഫോര്‍ണിയ: ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണിന്‍റെ പേര് ഐഫോണ്‍ 17 എയര്‍ എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. അള്‍ട്രാ-തിന്‍ മോഡല്‍ ഐഫോണായിരിക്കും ഇത്. ഐഫോണ്‍ 17 സ്ലിം എന്നായിരിക്കും പേരെന്നും അഭ്യൂഹങ്ങളുണ്ട്. ഫോണിന്‍റെ കനം എത്രയായിരിക്കും എന്നതാണ് ഏറ്റവും വലിയ ആകാംക്ഷ. 6 എംഎം ആയിരിക്കും ഐഫോണ്‍ 17 എയര്‍/സ്ലിമ്മിന്‍റെ കട്ടി എന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ റൂമറുകള്‍ പറയുന്നതാവട്ടെ ഫോണിന്‍റെ കനം 5.5 മില്ലീമീറ്റര്‍ മാത്രമായിരിക്കും എന്നാണ്. പ്രമുഖ ആപ്പിള്‍ ചെയിന്‍ അനലിസ്റ്റായ മിങ്-ചീ-ക്യുവാണ് ഈ സൂചന പുറത്തുവിട്ടത്.
5.5 എംഎമ്മിലേക്ക് ഫോണിന്‍റെ കട്ടി കുറയ്ക്കുമ്പോള്‍ ഐഫോണ്‍ 17 എയറിന് ഫിസിക്കല്‍ സിം സ്ലോട്ടുണ്ടാവില്ല എന്ന് മിങ് പറയുന്നു. പൂര്‍ണമായും ഡിജിറ്റല്‍ ഇ-സിം സാങ്കേതികവിദ്യയിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക എന്നാണ് മിങ് അവകാശപ്പെടുന്നത്. ഇതുവഴി ഫോണിന്‍റെ കട്ടി കുറയ്ക്കാന്‍ സാധിക്കും. ഫോണിന്‍റെ കട്ടി കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഒറ്റ റീയര്‍ ക്യാമറയേ ഫോണിലുണ്ടാകൂ എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. മിങ്-ചീ-ക്യു ബ്ലോഗ് പോസ്റ്റില്‍ പറയുന്നത് സത്യമെങ്കില്‍ ഐഫോണ്‍ 17 എയര്‍/സ്ലിം ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐഫോണായി മാറും. 2014ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 6 ആണ് ആപ്പിളിന്‍റെ ഇതുവരെ പുറത്തിറങ്ങിയ ഏറ്റവും കട്ടി കുറഞ്ഞ സ്‌മാര്‍ട്ട്‌ഫോണ്‍. 6.9 എംഎം ആയിരുന്നു ഐഫോണ്‍ 6 മോഡലിന്‍റെ കട്ടി.
ഐഫോണ്‍ 17 എയര്‍/സ്ലിം ഫോണിന്‍റെ കട്ടി 5.5 എംഎം മാത്രമാണെങ്കില്‍ അത് ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നിവയേക്കാള്‍ 30 ശതമാനം കുറവും ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയെക്കാള്‍ 33 ശതമാനം കുറവുമായിരിക്കും. അള്‍ട്രാ-തിന്‍ ചേസ് എങ്കിലും ഫോണിന് കട്ടി കൂടിയ റീയര്‍ ക്യാമറ ബംബുണ്ടാകും.
CONTENT HIGHLIGHT : iphone-17-air-to-be-ultra-thin-of-5-5mm-report