Kerala

‘ആവാരാഹൂം’ കൊണ്ട് നിറഞ്ഞ ഒരു സ്റ്റാള്‍; നിയമസഭ പുസ്തകോത്സവത്തിലെ വേറിട്ട കാഴ്ചയായി മാറുന്ന ഈ പുസ്തകവും എഴുത്തുകാരനും പിന്നെ സ്റ്റാളും

വ്യത്യസ്തമായ ആശയങ്ങള്‍ സാക്ഷാത്കരിക്കാന്‍ വിഭിന്നമായ വഴികള്‍ തേടുന്ന നിരവധി പേരുണ്ട്. മൂന്നാമത് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷന്റെ സ്റ്റാളിനു പുറമേ വ്യത്യസ്ത അവകാശപ്പെടാവുന്ന മറ്റൊരു സ്റ്റാള്‍ കൂടിയുണ്ട്. ‘ആവാരാഹൂം’ എന്ന പേരിലുള്ള പുസ്തകം മാത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്റ്റാള്‍ ആണ് വ്യത്യസ്ത ആശയം കൊണ്ട് വിഭിന്നമാകുന്നത്. എന്താണ് ഈ ആവാരാഹൂം..?. ‘ആവരാഹവും’ എന്ന പേര് നമ്മള്‍ കേട്ടിരിക്കുന്നത് രാജ് കപൂറിന്റെ പ്രശസ്തമായ ഹിന്ദി ചലച്ചിത്രം ആവാരയിലെ ഗാനത്തിലൂടെയാണ്. ഇവിടെ ‘ആവാരാഹൂം’ ഒരു പുസ്തകമാണ്, അതിലുപരി നിയമസഭ പുസ്തകോത്സവത്തിന്റെ ഒരു സ്റ്റാള്‍ മുഴുവനും ആവാരൂഹൂമാണ്. ഈ പുസ്തകത്തിന്റെ പുറംചട്ടയില്‍ കൊടുത്തിരിക്കുന്ന അക്ഷരങ്ങളിലും ചിത്രങ്ങളിലും തുടങ്ങി വേറിട്ട ഒരു കാഴ്ച അനുഭവമാണ് സ്റ്റാളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ആവാരാഹൂം നല്‍കുന്നത്. ഖാലിദ് ബക്കര്‍ എന്ന എഴുത്തുകാരന്റെ ആശയങ്ങള്‍ കോറിയിട്ട ഈ പുസ്തകം ഇപ്പോള്‍ ചര്‍ച്ച വിഷയം ആണ്. മിസ്റ്റിക് ത്രെഡ് ബുക്‌സ് പ്രസിദ്ധീകരിച്ച ‘ആവാരാഹൂം’ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്റ്റാള്‍ നിയമസഭാ പുസ്തകോത്സവത്തിന്റെ പ്രവേശന കവാടത്തിന്റെ തൊട്ടരികില്‍ ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്.

കോഴിക്കോട് സ്വദേശിയും എറണാകുളത്ത് താമസക്കാരനുമായ ഖാലിദ് ബക്കര്‍ തന്റെ പ്രവാസ ജീവിതത്തില്‍ സാക്ഷ്യം വഹിച്ച ചില ജീവിത സത്യങ്ങളുടെ നേര്‍ എഴുത്താണ് ‘ആവാരാഹൂം’ എന്ന പുസ്തകം. പേര്‍ഷ്യന്‍ ഭാഷയില്‍ എല്ലാത്തിനെയും പ്രണയിക്കുന്നവനെന്ന് അര്‍ത്ഥം വരുന്നതുകൊണ്ടാണ് ആവാരാഹൂം എന്ന പേര് സ്വീകരിച്ചതെന്ന് ഖാലിദ് ബക്കര്‍ പറയുന്നു. പ്രണയമെന്ന ഏറ്റവും മനോഹരമായ മാനുഷികാവസ്ഥയെ പ്രമേയമാക്കിയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. 1991ല്‍ ഗള്‍ഫില്‍ വെച്ചുണ്ടായ ഒരു വലിയ അപകടവും തുടര്‍ന്ന് തനിക്കുണ്ടായ അവസ്ഥകളും, പിന്നീടുള്ള ജീവിതയാത്രയിലെ സത്യങ്ങളുമാണ് ഈ പുസ്തകത്തില്‍ കോറിയിട്ട വരികള്‍. തന്റെ അനുഭവങ്ങള്‍ ലോകത്തോട് വിളിച്ചു പറയാന്‍ പുസ്തകമെന്ന മാര്‍ഗം ഉപയോഗിക്കാമെന്ന് ചിന്തയില്‍ നിന്നാണ് ആവാരാഹൂമിന്റെ എഴുത്തിലേക്ക് എത്തിയതെന്ന് ബക്കര്‍ പറയുന്നു.

നാട്ടിന്‍പുറം കാഴ്ചകളുടെ മനോഹാരിതയും, പരസ്പരം സ്‌നേഹിച്ചും പരിഭവിച്ചും കലഹിച്ചും ജീവിക്കുന്ന മനുഷ്യരുടെ നേര്‍ക്കാഴ്ചയും വേറിട്ട രീതിയില്‍ പുസ്തകത്താളുകളില്‍ കുറിച്ചിട്ടതായി ബക്കര്‍ പറയുന്നു. തനിക്ക് ചുറ്റും വന്നുപോയ സ്‌നേഹനിധികളായ കുറെയധികം കഥാപാത്രങ്ങള്‍ ആവാരാഹൂമിലുണ്ട്. ആശാരി നാണുവും, അഞ്ചല്‍ ഓട്ടോക്കാരനും, കണാരേട്ടന്‍ ഒക്കെ എഴുത്തുകാരന്റെ കൂടെ സഞ്ചരിച്ച കഥാപാത്രങ്ങളാണ്. 1991 ലെ അപകടത്തിന് ശേഷം മരണഭയം തന്നില്‍ നിന്നും തെല്ലും തെന്നി മാറിയെന്നും ബക്കര്‍ പറയുന്നു. അപകടത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി നിറഞ്ഞ ആ കാലഘട്ടത്തില്‍ ആരൊക്കെ കൂടെ ഉണ്ടായിരുന്നുവെന്ന കാര്യം എന്നെ ചിന്തിപ്പിച്ചത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു പക്ഷേ നമ്മളെ കൈപിടിച്ചുയര്‍ത്തുന്നത് ഒരുകാലത്തും നമ്മള്‍ കണ്ടിട്ടില്ലാത്ത ഒരാളാകാം. ഒരു വീഴ്ചയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ െൈകതന്നു സഹായിക്കുന്നത് ഒരു അപരന്‍ ആയിരിക്കും. അത്തരത്തില്‍ അപകടത്തെത്തുടര്‍ന്ന് ആശുപത്രിയിലായ എനിക്ക് സഹായിയായും, സ്‌നേഹത്തിന്റെയും ആശ്വാസത്തിന്റെയും അവദൂതയായി മാറിയത് മേരി സിസ്റ്റര്‍ ആയിരുന്നു. എന്നെ ശുശ്രൂഷിച്ചതില്‍ മുഖ്യ പങ്കു വഹിച്ചതും മേരി സിസ്റ്റര്‍ തന്നെയായിരുന്നു. എനിക്കുവേണ്ടി എന്നും പ്രാര്‍ത്ഥിക്കും, വരണ്ടുണങ്ങിയ എന്റെ ചുണ്ടുകള്‍ അവര്‍ വെള്ളം കൊണ്ട് നനയ്ക്കുമായിരുന്നു, മരണത്തോട് മല്ലിട്ട് കിടക്കുന്ന എന്നോട് സ്‌നേഹ വാക്കുകള്‍ കൊണ്ട് ശുശ്രൂഷിച്ച ആ മേരി സിസ്റ്റര്‍ ആപത്ഘട്ടത്തിലെ മാലാഖയായി മാറി. ഒരുതവണ പോലും മുന്‍പ് കണ്ടിട്ടില്ലാത്ത ആ മേരി സിസ്റ്റര്‍ എനിക്ക് ഇത്രയും കരുത്ത് തന്നുകൊണ്ട് തുടര്‍ന്നുള്ള എന്റെ ജീവിതപാതയിലേക്ക് വലിയൊരു വഴി വെട്ടി തെളിയിക്കുകയായിരുന്നു.

ഈ പുസ്തകത്തിന്റെ പുറം ചട്ടയ്ക്ക് രണ്ട് വ്യത്യസ്ത മുഖ ചിത്രങ്ങളാണ് നല്‍കിയിരിക്കുന്നത്. ഖാലിദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ യുവതലമുറയെ തന്റെ പുസ്തകത്തോട് അടുപ്പിക്കാന്‍ നവീനാശയം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കളര്‍ പുറംചട്ടയും. ഗൃഹാതുരത്വം തുളുമ്പുന്ന ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ വായനക്കാരില്‍ എത്തിക്കാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ ഓര്‍മ്മിപ്പിക്കുന്ന പുസ്തക കവറുമാണ് ആവാരാഹൂമിനായി നല്‍കിയിരിക്കുന്നത്. നിയമസഭ പുസ്തകത്തിന് എത്തുന്ന അക്ഷര പ്രേമികളുടെ കണ്ണുകളിലേക്ക് ഈ സ്റ്റാളിലേക്കുള്ള കാഴ്ച തീര്‍ച്ചയായും പതിയും. പുസ്തകം വാങ്ങുന്നവര്‍ക്ക് തന്റെ കയ്യോപ്പോടെ കൂടിയുള്ള ആശംസകള്‍ എഴുതി നല്‍കുന്നതും എഴുത്തുകാരന്‍ തന്നെ. പൂര്‍ണ്ണ സമയവും തന്റെ സ്റ്റാളില്‍ ഖാലിദ് ബക്കര്‍ ഉണ്ട്. മിസ്റ്റിക് ത്രെഡ് എന്ന പബ്ലിക്കേഷന്‍ ഖാലിദ് തന്നെയാണ് നയിക്കുന്നത്.