Kerala

അകക്കണ്ണില്‍ അക്ഷരങ്ങളെ തൊട്ടറിഞ്ഞ് അസബ്ഹയിലെ കൂട്ടുകാര്‍; അടുത്ത നിയമസഭ പുസ്തകോത്സവ പതിപ്പില്‍ ഞങ്ങള്‍ക്കും വേണം ഒരു വേദി

അക്ഷരങ്ങളെ തിരിച്ചറിയാന്‍ അകക്കണ്ണിലെ കാഴ്ചയുമായി അസബ്ഹ അക്കാദമിയില്‍ നിന്ന് എത്തിയവര്‍ക്ക് പുസ്തകോത്സവം പ്രയപ്പെട്ടതായി മാറി. കാഴ്ചകള്‍ക്കപ്പുറം വിശാലമായ അകക്കണ്ണിന്റെ വെളിച്ചത്തില്‍ അവര്‍ അനുഭവിച്ച് അറിഞ്ഞത് പുസ്തകോത്സവത്തിലെ അക്ഷര സഞ്ചയങ്ങളെയാണ്. കാഴ്ച പരിമിതി ഉള്ളവര്‍ക്ക് വേണ്ടി കമ്പ്യൂട്ടര്‍ പഠനം, തൊഴില്‍ പരിശീലനം, ബ്രെയില്‍ ലിപി പഠനം എന്നിവ നടത്തുന്ന സ്ഥാപനമാണ് തിരുവനന്തപുരം മണക്കാടുള്ള അസബ്ഹ അക്കാദമി ഫോര്‍ വിഷ്വലി ഇംപയേര്‍ഡ്. പതിനൊന്നു പേരടങ്ങുന്ന സംഘമാണ് പുസ്തകോത്സവത്തിന്റെ അഞ്ചാം ദിനം നിയമസഭയില്‍ എത്തിയത്.

അക്ഷരങ്ങളുടെ സഞ്ചയം തീര്‍ക്കുന്ന കെ.എല്‍.ഐ.ബി.എഫിലേക്ക് ഇവര്‍ എത്തുന്നത് പുസ്തകങ്ങളെ പരിചയപ്പെടാന്‍ മാത്രമായിരുന്നില്ല. നിയമസഭ നടത്തുന്ന ഈ പുസ്തകോത്സവത്തില്‍ നിന്നും സര്‍വ്വ അറിവുകളും മനസ്സിലാക്കുവാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുവാനുള്ള ചെറു ദൗത്യവുമായിട്ടാണ് ഇവര്‍ വേദികള്‍ പിന്നിട്ടത്. ഓഡിയോ ബുക്കുകളെ മാത്രം ആശ്രയിച്ചു കൊണ്ട് കഥകളും കവിതകളും കേട്ടാണ് ഇവര്‍ പുസ്തകങ്ങളെ പരിചയപ്പെടുന്നത്. ഒട്ടുമിക്ക പുസ്തക സ്റ്റാളുകളും സന്ദര്‍ശിച്ച ഇവര്‍, അവിടെ നിന്നവരോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. ചില പുസ്തകങ്ങളുടെ ഓഡിയോ പതിപ്പുകളുടെ ലഭ്യത കുറിച്ചും ആരാഞ്ഞു. ബ്രെയില്‍ ലിപിയിലൂടെയുള്ള പഠനമാണ് ഇവര്‍ നടത്തുന്നതെങ്കിലും കാഴ്ച പരിമിതര്‍ക്ക് വേണ്ടി പ്രസിദ്ധീകരിച്ചിട്ടുള്ള ഒട്ടുമിക്ക പുസ്തകങ്ങളും ഇവര്‍ വായിക്കാറുണ്ട്. അതിനുള്ള സൗകര്യം അക്കാദമി തന്നെ ഒരുക്കി നല്‍കാറുണ്ട്. ബ്രെയില്‍ ലിപി അടിസ്ഥാനപ്പെടുത്തിയുള്ള പുസ്തകങ്ങള്‍ സാഹിത്യ രംഗത്ത് തീരെ കുറവാണ്. ആ കുറവും ഇവര്‍ പരിഹരിക്കപ്പെടണം എന്ന് ഇവര്‍ ആഗ്രഹിക്കുന്നു.

നിയമസഭ പുസ്തകോത്സവത്തിന് പുറമേ ആ മന്ദിരവും അവിടുത്തെ സംവിധാനങ്ങളും മനസ്സുകൊണ്ട് തൊട്ടറിയുക എന്ന ലക്ഷ്യവുമായാണ് ഇവിടെ എത്തിയതെന്ന് ടീം കോര്‍ഡിനേറ്ററും അസബ്ഹ അക്കാദമിയുടെ മാനേജിങ് സെക്രട്ടറിയുമായ താജുദ്ദീന്‍ പറഞ്ഞു. നിയമസഭയില്‍ എത്തിയത് സമയം തൊട്ട് വിവിധ ആളുകള്‍ വിവിധ സ്ഥലങ്ങളെ കുറിച്ച് വിശദീകരിക്കുമ്പോള്‍ ഏകദേശം ചിത്രം അവരുടെ മനസ്സില്‍ ഉണ്ടായി. ആദ്യം വേദി മൂന്നില്‍ നടന്ന ഇന്റ്രാക്ടീവ് സെഷനില്‍ പങ്കെടുത്തു. ബാബു രാമചന്ദ്രന്‍ നയിച്ച കഥയും കാര്യവും എന്ന സെഷന്‍ മികച്ചതായിരുന്നുവെന്ന് സംഘാഗങ്ങള്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന യുനിസെഫിന്റെ പ്രോഗ്രാമുകള്‍ വീക്ഷിച്ചതിനുശേഷം ഉച്ചയൂണിനായി നിയമസഭ ക്യാന്റീനിലേക്ക് പോയി. പിന്നീട് പല വേദികള്‍ സന്ദര്‍ശിക്കുകയും തുടര്‍ന്ന് പുസ്തക സ്റ്റാളുകളിലേക്ക് പോവുകയും ചെയ്തുവെന്ന് താജുദ്ദീന്‍ പറഞ്ഞു.

അടുത്ത വര്‍ഷത്തെ നിയമസഭ പുസ്തകോത്സവത്തില്‍ ബ്രെയില്‍ ലിപിയിലുള്ള പുസ്തകങ്ങള്‍ ഉള്‍പ്പടെ പ്രദര്‍ശിപ്പിക്കാന്‍ ഒരു സ്റ്റാള്‍ അനുവദിച്ച് തരണമെന്നാണ് സ്പീക്കറോടുള്ള ഇവരുടെ അപേക്ഷ. കാഴ്ചാ പരിമിധിയെന്ന ആനുഭവം ഞങ്ങള്‍ക്കില്ലായിരുന്നുവെന്നും, സാധാരണക്കാര്‍ വരുന്നതു പോലെ എത്തുന്നതായാണ് തോന്നിയത്. ഇവിടുത്തെ സംഘാടകരുടെയും മറ്റു വോളന്റീയര്‍മാരുടെ സഹായവും വിലമതിക്കാനാവാത്തതാണെന്ന് അവര്‍ പറഞ്ഞു. അധ്യാപകനായ ബാദുഷ, ശ്രീധര്‍, ഷാജഹാന്‍, തൗഫീഖ്, നാസര്‍ , അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 11 പേരുടെ സംഘമാണ് നിയമസഭ സന്ദര്‍ശിച്ചത്. നിയമസഭയിലെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമയ്ക്കു മുന്നില്‍ ഇവര്‍ വണങ്ങിയ ശേഷമാണ് പുസ്തകോത്സവ വേദി വിട്ടത്.