Kerala

ജീവിക്കാനും എഴുതാനും പ്രേരിപ്പിക്കുന്നത് അക്ഷരങ്ങളെന്ന് എഴുത്തുകാരി പ്രിയ എ എസ്

പ്രതീക്ഷ നല്‍കുന്ന അക്ഷരങ്ങളാണ് ജീവിക്കാനും എഴുതാനും പ്രേരിപ്പിക്കുന്നതെന്ന് എഴുത്തുകാരി പ്രിയ എ എസ്. ജീവിക്കാനുള്ള ഊര്‍ജം സംഭരിക്കാനാണ് എഴുതുന്നത്. കഥകളും നോവലുകളും ഓര്‍മക്കുറിപ്പുകളുമെഴുതി കാലത്തിലലിയുകയാണെന്നും നിയമസഭാ പുസ്തകോത്സവത്തിലെ എന്റെ എഴുത്തിന്റേയും വായനയുടേയും ജീവിതം എന്ന സെഷനില്‍ അവര്‍ മനസ്സുതുറന്നു.

കുട്ടിക്കഥകളാണ് എഴുത്തിലേക്ക് നയിച്ചത്. എഴുത്തുയാത്ര പ്രതീക്ഷിച്ചതുമല്ല. ഒഴുക്കില്‍ ഒരിലപോലെ കഥാതന്തുക്കള്‍ ഉള്ളിലേക്ക് വന്നടിയുകയാണ്. ഓരോരോ തിരിവുകള്‍ എന്ന ആദ്യ കഥ ആഹ്ളാദത്തിന്റെ കടലും ആകാശവുമാണ് നല്‍കിയത്. താമരക്കൈ, മൃണ്‍മയം, തങ്കക്കുട്ടി തുടങ്ങി ഒരു പിടിക്കഥകളുടെ മേല്‍വിലാസത്തിലാണ് അറിയപ്പെടാന്‍ ആഗ്രഹിച്ചത്. എന്നാല്‍ ആ യാത്രകളില്‍ കിട്ടിയ ബോണസുകളാണ് ഓര്‍മക്കുറിപ്പുകളും വിവര്‍ത്തനവും. ജയ്ശ്രീ മിശ്രയുടെ ഏന്‍ഷ്യന്റ് പ്രോമിസസ് ജന്‍മാന്തര വാഗ്ദാനങ്ങളായും അരുന്ധതിറോയുടെ ദി ഗോഡ് ഓഫ് സ്മാള്‍ തിങ്സ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനായും വിവര്‍ത്തനം ചെയ്തത് ഹൃദയത്തോടും കാഴ്ചപ്പാടുകളോടും ചേര്‍ന്നവയായതിനാലാണ്. മലയാളം ഒരിക്കലും പിന്നിലാകാതിരിക്കാനുള്ള വാശിപോലെയാണ് അവ ചെയ്തുതീര്‍ത്തത്. വിവര്‍ത്തനമെന്നത് യാന്ത്രികപ്രവര്‍ത്തനമല്ല.

മരുന്നിന്റെ മണമുള്ള ആശുപത്രികളിലെ ഇടനാഴികളിലൂടെ കടന്നുവന്നതിനാലാണ് ഓര്‍മക്കുറിപ്പുകളില്‍ ആശുപത്രികള്‍ മുഴച്ചുനില്‍ക്കുന്നത്. എന്റെ കൊത്തങ്കല്ലുകള്‍, ഓര്‍മയാണ് ഞാന്‍, ഒഴുക്കില്‍ ഒരില, കഥ ബാക്കി തുടങ്ങിയവ ഓര്‍മക്കുറിപ്പുകളാണ്. കുട്ടികളെ ഭാഷകളിലേക്ക് തിരിച്ചു പിടിക്കുന്നതില്‍ ചെറുകഥകളുടെ പങ്ക് വലുതാണ്. ചെറുകഥകള്‍ രചിക്കുമ്പോള്‍ കുരുന്നുകള്‍ എങ്ങനെയാകും സ്വീകരിക്കുക എന്ന് മനസ്സില്‍ കാണാറുണ്ട്. അവരെ ആകര്‍ഷിക്കും വിധമുള്ള ചിത്രങ്ങളും ചേര്‍ക്കുമ്പോഴാണ് ചെറുകഥാരചന പൂര്‍ണമാകുക. തന്നെ ജീവിപ്പിക്കാനായി ഏതോ പാതിരാ തീവണ്ടിയില്‍ ആരോ ഉണര്‍ന്നിരിക്കുന്നുണ്ട് എന്ന വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.