Travel

ഭൂമിയെ കൊടിയ വിഷത്തിൽ നിന്ന് രക്ഷിച്ച കഥ; ശിവന്‍ രക്ഷകനായ ആലങ്കുടി | the-story-of-saving-the-earth-from-the-poison-alankudi-the-savior-of-shiva

നവഗ്രഹക്ഷേത്രങ്ങളില്‍ ഒന്ന് ഇവിടെയാണുള്ളത്

തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലുള്ള മനോഹരമായ ഗ്രാമപ്രദേശമാണ് ആലങ്കുടി. മന്നാര്‍ഗുഡിയ്ക്കടുത്തുള്ള കുംഭകോണത്ത് നിന്ന് ഏകദേശം 17 കിലോമീറ്റര്‍ ദൂരെയാണിത്. സമീപത്തുള്ള പ്രധാന പട്ടണവും കുംഭകോണം തന്നെ. നവഗ്രഹക്ഷേത്രങ്ങളില്‍ ഒന്ന് ഇവിടെയാണുള്ളത്. വ്യാഴഗ്രഹത്തിന് അഥവാ ബൃഹസ്പതി ഗുരുവിനാണ് ഇത് സമര്‍പ്പിച്ചിട്ടുള്ളത്. ആലങ്കുടിയിലെ ആബത്‍സഹായേശ്വര ക്ഷേത്രം വളരെ പ്രസിദ്ധമാണ്. കുംഭകോണത്ത് നിന്നോ നീഡമംഗലത്ത് നിന്നോ ബസ്സുകള്‍ വഴിയും ടാക്സികള്‍ മുഖേനയും സന്ദര്‍ശകര്‍ക്ക് ഈ ക്ഷേത്രത്തില്‍ വന്നെത്താം.

വാനലോകത്തെ ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പണ്ട് പാലാഴി(ക്ഷീര സാഗരം ) കടയാന്‍ ഒരുങ്ങി. “മന്ദര” പര്‍വ്വതത്തെ കടക്കോലായും “വാസുകി” എന്ന നാഗത്തെ വടവുമാക്കി. കടയുന്നതിനിടയില്‍ വാസുകി വമിച്ച വിഷം(ആല) ലോകത്തെയാകെ നശിപ്പിക്കാന്‍ പോന്നതായിരുന്നു. ഭൂവാസികളെ രക്ഷിക്കാന്‍ ശിവഭഗവാന്‍ ആ കൊടിയ വിഷം എടുത്ത് വിഴുങ്ങി. എന്നാണ് ഐതിഹ്യം. ഇതോടെ ” രക്ഷകന്‍” എന്നര്‍ത്ഥം വരുന്ന ” ആപത് സഹായേശ്വരര്‍” എന്ന വത്സലനാമത്തില്‍ ശിവന്‍ അറിയപ്പെട്ടു. അദ്ദേഹത്തിന്റെ സഖിയായ പാര്‍വ്വതീദേവിയാകട്ടെ ഇളവര്‍കുഴലി, ഉമൈ അമ്മ എന്നീ പേരുകളിലും വിളിക്കപ്പെട്ടു. ഇവരെ കുടിയിരുത്തിയ ഈ പുണ്യഭൂമി ആലങ്കുടി എന്ന പേരിലും പ്രസിദ്ധമായി.

ശിവപൂജയ്ക്ക് പുറമെ ബൃഹസ്പതി ഗുരുവിനെ വണങ്ങി ജാതകൈക്കുകളില്‍ നിന്നും ദോഷങ്ങള്‍ പരിഹരിക്കാന്‍ വിദൂരദിക്കുകളില്‍ നിന്നും സമീപ ദേശങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് പ്രവഹിക്കാറുണ്ട്. കൂടാതെ എല്ലാ വര്‍ഷവും വ്യാഴഗ്രഹത്തിന്റെ രാശിമാറ്റ(സംക്രമ) വേളയില്‍ ധാരാളം ഭക്തജനങ്ങള്‍ ഗുരുവിനെ പ്രസാദിപ്പിക്കാനും ജീവിതത്തില്‍ ദൌര്‍ഭാഗ്യങ്ങള്‍ അകറ്റി ഐശ്വര്യം നേടുവാനും ഇവിടെ എത്തിച്ചേരാറുണ്ട്.

നവഗ്രഹ സ്ഥലങ്ങളില്‍ ഒന്നായ ആലങ്കുടിയില്‍ വ്യാഴത്തെ അഥവാ ബൃഹസ്പതി ഗുരുവിനെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ശേഷിക്കുന്ന എട്ട് സ്ഥലങ്ങള്‍ ഇവയാണ്. തിരുനള്ളര്‍(ശനി ദേവന്‍), കഞ്ചാനൂര്‍(ശുക്ര ദേവന്‍ ), സൂര്യനാര്‍ കോയില്‍(സൂര്യ ഭഗവാന്‍‍), തിരുവെങ്കാട്(ബുധദേവന്‍), തിരുനാഗേശ്വരം(രാഹു ദേവന്‍), തിങ്കളൂര്‍(ചന്ദ്രദേവന്‍), കീഴ്പെരുമ്പളര്‍(കേതു ദേവന്‍). ഈ ക്ഷേത്രങ്ങളെല്ലാം തന്നെ ആലങ്കുടി ബൃഹസ്പതി സ്ഥലത്തിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്.കുംഭകോണമാണ് പ്രധാന റെയില്‍വേ സ്റ്റേഷന്‍. കൂടാതെ ആലങ്കുടിയില്‍ നിന്ന് 7 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ നീഡമംഗലം റെയില്‍വേ സ്റ്റേഷനുമുണ്ട്. ഈ സ്റ്റേഷനുകളില്‍ നിന്ന് ബസ്സുകളോ ടാക്സികളോ മുഖേന സഞ്ചാരികള്‍ ക്കും തീര്‍ത്ഥാടകര്‍ക്കും ഇവിടെ അനായാസം എത്തിച്ചേരാം.പൊതുവെ ഉഷ്ണകാലാവസ്ഥയാണിവിടെ.

the-story-of-saving-the-earth-from-the-poison-alankudi-the-savior-of-shiva