Recipe

ഉരുളക്കിഴങ്ങ് കറി, അപ്പത്തിനും ഇടിയപ്പത്തിനും രുചി കൂടും | Potato curry kerala style

തേങ്ങാപ്പാൽ ചേർത്ത ഈ ഉരുളക്കിഴങ്ങ് കറി മാത്രം മതി അപ്പത്തിനും ഇടിയപ്പത്തിനും രുചി കൂടും.

ചേരുവകൾ

ഉരുളക്കിഴങ്ങ് – 2 വലുത്
സവാള – 1 വലുത് അരിഞ്ഞത്
വെളുത്തുള്ളി – 1 ടീസ്പൂൺ അരിഞ്ഞത്
ഇഞ്ചി – 1 ടീസ്പൂൺ അരിഞ്ഞത്
പച്ചമുളക് – 3 കീറിയത്
കറിവേപ്പില – ആവശ്യത്തിന്
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് – 1 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
രണ്ടാം പാൽ – 2 കപ്പ്
ഒന്നാം പാൽ – 1/2 കപ്പ്
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

1. ചുവട് കട്ടിയുള്ള ഒരു പാത്രം വച്ച്  വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്‌ ഇട്ട് പൊട്ടിക്കുക. ശേഷം സവാള , വെളുത്തുള്ളി , ഇഞ്ചി , പച്ചമുളക്, കറിവേപ്പില , അൽപ്പം ഉപ്പ്  എന്നിവ ചേർത്ത് സവാള നന്നായി വാടി വരുന്നത് വരെ വഴറ്റുക . കളർ മാറേണ്ട ആവശ്യം ഇല്ല.

2. സവാള നന്നായി വാടി വരുമ്പോൾ  മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കുക. ശേഷം ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കി രണ്ടാം പാൽ ചേർത്ത്  പത്ത് മുതൽ പന്ത്രണ്ട് മിനിറ്റ് വരെ അടച്ചു വച്ച് ഉരുളക്കിഴങ്ങ് നന്നായി വേവിച്ചെടുക്കുക .

3. ആവശ്യത്തിന് ഉപ്പ് ചേർത്ത് കറി നന്നായി കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കുക  തീ ഓഫ് ചെയ്ത് തേങ്ങാപ്പാൽ നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കുക രുചികരമായ നാടൻ ഉരുളക്കിഴങ്ങ് കറി റെഡി, ഇടിയപ്പം, അപ്പം എന്നിവയുടെ കൂടെ വിളമ്പാം .

content highlight: Potato curry kerala style