സാധാരണ ഉണ്ടാക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരു കട്ലറ്റ് ഉണ്ടാക്കിയാലോ? ചോറും ഉരുളക്കിഴങ്ങും കൊണ്ട് കട്ലറ്റ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
1. ചോറ് -ഒരു കപ്പ്
2. ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – ഒന്ന്
3. സവാള – ഒന്ന്
4. പച്ചമുളക് – രണ്ടെണ്ണം
5. ഇഞ്ചി പേസ്റ്റ് -ഒരു ടീസ്പൂൺ
6. കറിവേപ്പില – ഒരു തണ്ട്
7. മുളകുപൊടി – രണ്ട് ടീസ്പൂൺ
8. ഗരംമസാലപ്പൊടി – ഒരു ടീസ്പൂൺ
9. കുരുമുളകുപൊടി – ഒരു ടീസ്പൂൺ
10. മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
11. മുട്ട – ഒന്ന്
12. റൊട്ടിപ്പൊടി – ആവശ്യത്തിന്
13. ഉപ്പ് – ആവശ്യത്തിന്
14. എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടായിവരുമ്പോൾ ചെറുതായി അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി പേസ്റ്റ്, ചെറുതായി അരിഞ്ഞ പച്ചമുളക്, കറിവേപ്പില, ആവശ്യത്തിനു ഉപ്പ് എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം പൊടികൾ ചേർത്ത് വഴറ്റുക. എണ്ണയൊക്കെ മാറി ഡ്രൈ ആയിവരണം. ഇതിലേക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ചുചേർക്കുക. എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് മാറ്റുക.
ഒരുകപ്പ് ചോറ് വെള്ളം ചേർക്കാതെ ജാറിൽ അരച്ചെടുക്കുക. ഇത് തയ്യാറാക്കിവെച്ചിരിക്കുന്ന കൂട്ടിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഓരോ ഉരുളയായി എടുത്ത് കട്‌ലറ്റിന്റെ ആകൃതിയിലാക്കുക. ഒരു മുട്ട പൊട്ടിച്ച് നന്നായി പതപ്പിക്കുക. ഓരോ കട്‌ലറ്റും മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുക്കുക. ശേഷം പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഫ്രൈ ചെയ്ത് എടുക്കുക -ഈസി ആൻഡ് ടേസ്റ്റി റൈസ്-പൊട്ടറ്റോ കട്‌ലറ്റ് റെഡി.
content highlight: rice-cutlet-recipe