Travel

ഭാവ് നഗര്‍ ; നൂറ്റാണ്ടുകൾ പഴക്കമുള്ള വാണിജ്യകേന്ദ്രം | Bhav Nagar; Centuries-old commercial center

200 വര്‍ഷത്തിലധികം പഴക്കമുണ്ടെങ്കിലും ഇന്നും ഗുജറാത്തിലെ പ്രമുഖ കച്ചവടകേന്ദ്രമാണ് ഇവിടം

നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് ഗുജറാത്തിന്റെ വാണിജ്യപെരുമ. ഇതില്‍ പ്രധാന സ്ഥാനം അലങ്കരിക്കുന്ന പട്ടണമാണ് ഭാവ് നഗര്‍. ഇവിടത്തെ തുറമുഖം വഴി പരുത്തി ഉല്‍പ്പന്നങ്ങളും രത്നങ്ങളും വെള്ളിയാഭരണങ്ങളുമെല്ലാം പുറംനാടുകളിലേക്ക് കയറ്റി അയച്ചിരുന്നതായി ചരിത്രം പറയുന്നു. 200 വര്‍ഷത്തിലധികം പഴക്കമുണ്ടെങ്കിലും ഇന്നും ഗുജറാത്തിലെ പ്രമുഖ കച്ചവടകേന്ദ്രമാണ് ഇവിടം. സിഹോര്‍ രാജാവായിരുന്ന ഭാവ്സിംഗ്ജി ഗോഹില്‍ 1723ലാണ് ഈ നഗരം സ്ഥാപിച്ചത്. മാര്‍വാര്‍ രാജാക്കന്‍മാരുമായുള്ള പോരാട്ടത്തില്‍ എതിരിടാനാകാതെ വന്നതോടെ ഗുജറാത്തിന്‍െറ തീരപ്രദേശത്തക്ക് നീങ്ങിയ ഭാവ്സിംഗ്ജി ഗോഹില്‍ ഇന്നത്തെ ഭാവ്നഗറിന് സമീപമുള്ള വാദ്വ എന്ന ഗ്രാമം കേന്ദ്രമാക്കി രാജ്യം സ്ഥാപിക്കുകയായിരുന്നു. ഭാവ്നഗര്‍ നഗരത്തിന് ചുറ്റും ഇദ്ദേഹം ഒരു കോട്ടയും നിര്‍മിച്ചു. ഭാവ്സിംഗ്ജിയുടെ ശ്രമഫലമായി ഒരു ചെറു സംസ്ഥാനം എന്ന നിലയില്‍ നിന്ന് ഒരു വ്യാപാരകേന്ദ്രമായി ഭാവ്നഗര്‍ മാറി.

ഇദ്ദേഹത്തിന്‍െറ പിന്‍മുറക്കാരും ഇവിടത്തെ വ്യാപാരപെരുമ വളര്‍ത്താന്‍ തന്നെയാണ് ശ്രമിച്ചത്. ആഫ്രിക്ക, മൊസംബിക്ക്,സാന്‍സിബാര്‍, സിംഗപ്പൂര്‍,പേര്‍ഷ്യന്‍ ഗള്‍ഫ് തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഭാവ്നഗര്‍ തുറമുഖത്ത് നിന്ന് ചരക്കുകള്‍ കയറ്റി അയച്ചിരുന്നതായി ചരിത്രം പറയുന്നു.പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് സഹകരണത്തോടെ സ്വന്തം റെയില്‍വേ സംവിധാനം ഭാവ്നഗര്‍ രാജാക്കന്‍മാര്‍ ആരംഭിച്ചു. റെയില്‍വേ ലൈന്‍ നിലവില്‍ ആദ്യ ഇന്ത്യന്‍ സംസ്ഥാനം എന്ന ബഹുമതിയും ഭാവ്നഗറിനാണ്. അടിസ്ഥാന സൗകര്യമേഖലയിലടക്കം ആധുനികവത്കരണം യാഥാര്‍ഥ്യമായതോടെ മേഖലയിലെ മറ്റുനാട്ടുരാജ്യങ്ങളേക്കാള്‍ മുന്‍നിരയിലായി ഭാവ്നഗറിന്‍െറ സ്ഥാനം. ബ്രിട്ടീഷുകാരുമായി ഇവിടത്തെ രാജാക്കന്‍മാര്‍ ഏറെ സൗഹൃദത്തിലുമായിരുന്നു.

വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഭാവ്നഗറിന്‍െറ സ്ഥാനം മുന്‍നിരയിലാണ്. അതുകൊണ്ട് തന്നെ ഗുജറാത്തിന്‍െറ സന്‍സ്കാരി കേന്ദ്ര (സാംസ്കാരിക കേന്ദ്രം) എന്നും ഭാവ്നഗര്‍ അറിയപ്പെടുന്നുണ്ട്. നരസിംഹ മത്തേ, ഗംഗാ സതി, ജാവര്‍ചന്ദ് മേഘാനി, കവി കാന്ത്, ഗോവര്‍ധന്‍ ത്രിപാഠി തുടങ്ങി നിരവധി കലാകാരന്‍മാരെയും എഴുത്തുകാരെയും കവികളെയുമെല്ലാം ഭാവ്നഗര്‍ സംഭാവന ചെയ്തിട്ടുണ്ട്. ഗുജറാത്തിന്‍െറ തെക്കന്‍ തീരത്ത് കത്തിയവാറിലാണ് ഭാവ്നഗര്‍ സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ പ്രധാനപ്പെട്ട തുറമുഖം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.വേനലില്‍ വരണ്ടതും ചൂടുകൂടിയതുമായ കാലാവസ്ഥയും മഴക്കാലത്ത കനത്ത മഴയുമാണ് ഇവിടെ ലഭിക്കാറ്. തണുപ്പുകാലത്ത് താപനില താരതമ്യേന താഴ്ന്നത് ആയിരിക്കും. സമുദ്രത്തോട് അടുത്ത സ്ഥലമായതിനാല്‍ ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷമാണ് ഇവിടെ.

ബ്രഹ്മകുണ്ട് എന്നറിയപ്പെടുന്ന പുരാതനമായ കിണറാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ദേവന്‍മാരുടെ വിഗ്രഹങ്ങളും കൊത്തുപണികളും ആകര്‍ഷകങ്ങളായ ചിത്രപ്പണികളുമുള്ള ഈകിണര്‍ സിദ്ധരാജ് ജയ്സിംഗ്ജി യുടെ കാലത്താണ് പുനരുദ്ധരിച്ചത്. നിലംബാഗ് കൊട്ടാരമാണ് മറ്റൊരു ആകര്‍ഷണം. നിലവില്‍ രാജാവിന്‍െറ പിന്‍മുറക്കാര്‍ ഇവിടെയാണ് താമസിക്കുന്നത്. തക്തേശ്വര്‍ ക്ഷേത്രം, പാലിത്താന ജൈന ക്ഷേത്രം, ഗോപിനാഥ് മഹാദേവ് ക്ഷേത്രം, ഖോദിയാര്‍ ക്ഷേത്രം, ഗംഗാദേവി മന്ദിര്‍ എന്നിവയാണ് ഭാവ് നഗറിലെ പ്രധാന ആരാധനാ കേന്ദ്രങ്ങള്‍.

ഉഷ്ണമേഖലാ പുല്‍മേടുകള്‍ നിറഞ്ഞ വെരാവ്ദാര്‍ നാഷനല്‍ പാര്‍ക്കില്‍ കലമാനുകളെ ധാരാളമായി കാണാം. നീലക്കാള, കൃഷ്ണമൃഗം,ചെന്നായ, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങളും ഇവിടെയുണ്ട്. വംശനാശം സംഭവിക്കുന്ന നിരവധി പക്ഷികളാണ് മറ്റൊരു ആകര്‍ഷണം. വൈറ്റ് പെലിക്കന്‍ അഥവാ ഞാറപക്ഷി,സരസ്,വെള്ള കൊറ്റി, മാര്‍ഷ് ഹൗബ്ര ബുസ്റ്റാര്‍ഡ്, മൊണ്ടേഗു എന്നിവയെയും വിവിധയിനം പരുന്തുകളെയും ഇവിടെ കാണാം. ഗോഖക്ക് സമീപമുള്ള പിരാംബേട്ട് ദ്വീപില്‍ തകര്‍ന്ന ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം. അപൂര്‍വ ജൈവ-ജീവജാലങ്ങളുടെ കലവറയാണ് ഇവിടം. ഗോഹില്‍വാദ് എന്നും അറിയപ്പെട്ടിരുന്ന ഭാവ്നഗര്‍ ഒരിക്കല്‍ ഗോഹില്‍ വംശ രാജാക്കന്‍മാരുടെ സ്വകാര്യ അഹങ്കാരമാ യിരുന്നു. ഇന്നും നിലനില്‍ക്കുന്ന ആ സമൃദ്ധിയും പ്രൗഡിയും ഭാവ് നഗര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചാലേ അനുഭവിച്ചറിയാനാകൂ.

STORY HIGHLIGHTS: Bhav Nagar Centuries-old commercial center