വൈദികരെ ബലപ്രയോഗത്തിലൂടെ ബിഷപ്സ് ഹൗസിൽ നിന്നു പുറത്താക്കിയതിനെത്തുടർന്ന് എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്തിനു മുന്നിൽ മണിക്കൂറുകളോളം സംഘർഷം. ബിഷപ്സ് ഹൗസിൽ നിന്നു വൈദികരെ പൊലീസ് വലിച്ചിഴച്ചുവെന്നും ഉടുപ്പു വലിച്ചുകീറിയെന്നും വിശ്വാസികൾ ആരോപിച്ചു. പോലീസ് നടപടിയിൽ 10 വൈദികർക്കു പരുക്കേറ്റു.
വൈദികർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അൽമായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ വിശ്വാസികളും വൈദികരും പ്രകടനം നടത്തി ബിഷപ്സ് ഹൗസിനുള്ളിലേക്കു കയറാൻ ശ്രമിച്ചു. കയർ കെട്ടി വലിച്ച് ബിഷപ്സ് ഹൗസിന്റ ഗേറ്റിന്റെ ഒരു ഭാഗം പൊളിച്ച് അകത്തുകടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് കയർകെട്ടി തടഞ്ഞു. തഹസിൽദാർ ചർച്ചയ്ക്കു വന്നെങ്കിലും സമരക്കാർ തയാറായില്ല. സംഘർഷം രൂക്ഷമായതോടെ ഡിസിപിയും എഡിഎമ്മും സ്ഥലത്തെത്തി ഇരു പ്രതിഷേധക്കാരും കൂരിയ അംഗങ്ങളുമായും ചർച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരമുണ്ടായില്ല. ഈ സമയമത്രയും പരുക്കേറ്റ വൈദികർ ബസിലിക്കയ്ക്കു മുന്നിൽ സമരം തുടർന്നു.
പ്രതിഷേധക്കാരായ 21 വൈദികരെ പൊലീസ് ബലം പ്രയോഗിച്ചു പുറത്താക്കിയെങ്കിലും വൈകിട്ട് ഏഴരയോടെ നൂറോളം വൈദികരും അൽമായരും ബിഷപ് ഹൗസിനുള്ളിൽ കയറി പ്രതിഷേധം ആരംഭിച്ചു. സ്ഥിതി സംഘർഷ ഭരിതമായി തുടരുകയാണ്. അതിരൂപത ആസ്ഥാനത്തു അതിക്രമിച്ചു കയറി സമരവേദിയാക്കിയെന്നാരോപിച്ച് 6 വൈദികരെ സസ്പെൻഡ് ചെയ്തു. 15 പേർക്കെതിരെ കാരണം കാണിക്കൽ നോട്ടിസ് നൽകി. അതിരൂപത ആസ്ഥാനത്തെ പ്രതിഷേധം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും സിറോ മലബാർ സിനഡ് മുന്നറിയിപ്പു നൽകിയിട്ടും സമരം തുടർന്നതിനാണു നടപടി.
ഫാ. സെബാസ്റ്റ്യൻ തളിയൻ, ഫാ. രാജൻ പുന്നയ്ക്കൽ, ഫാ. ജെറി ഞാളിയത്ത്, ഫാ.സണ്ണി കളപ്പുരയ്ക്കൽ, ഫാ. പോൾ ചിറ്റിനപ്പിള്ളി, ഫാ. അലക്സ് കരീമഠം എന്നിവരെയാണു സസ്പൻഡ് ചെയ്തത്. സസ്പെൻഷൻ കാലത്ത് ഇവർ ചുമതല വഹിക്കുന്ന ഇടവകകളിലോ സ്ഥാപനങ്ങളിലോ തുടരാനാവില്ല. പരസ്യ കുർബാനയും കൂദാശകളും വിലക്കി. മറ്റു പള്ളികളിൽ തിരുനാളിനോ വിവാഹം തുടങ്ങിയ ചടങ്ങുകളിലോ സഹകാർമികരാകാനും വിലക്കുണ്ട്. വൈദികർക്കു നിരക്കാത്ത വിധം പെരുമാറിയവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അതിരൂപത വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
STORY HIGHLIGHT: ernakulam angamaly archdiocese priest protest