Kerala

സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: വിതരണ കരാറുകാരുടെ പണിമുടക്ക് ഒന്നരയാഴ്ച പിന്നിടുകയും റേഷൻ വ്യാപാരികൾ 27 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയും ചെയ്തതോടെ സംസ്ഥാനത്തു റേഷൻ വിതരണ രംഗം വീണ്ടും പ്രതിസന്ധിയിൽ. സാധനങ്ങൾ ഗോഡൗണുകളിൽ നിന്നെടുത്ത് റേഷൻ കടകളിൽ ‘വാതിൽപടി’ വിതരണം നടത്തുന്ന കേരള ട്രാൻസ്പോർട്ട് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (എൻഎഫ്എസ്എ) ജനുവരി ഒന്നു മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ബിൽ തുക കുടിശിക പൂർണമായും സെപ്റ്റംബറിലെ കുടിശിക ഭാഗികമായും നൽകാത്തതാണു കാരണം.

നിലവിൽ പണിമുടക്ക് റേഷൻ വിതരണത്തെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ഒരാഴ്ച കൂടി കഴിയുന്നതോടെ സാധനങ്ങൾക്കു ക്ഷാമം അനുഭവപ്പെടും. രണ്ടു വർഷത്തിനിടെ കരാറുകാർ ബിൽ കുടിശികയ്ക്കായി നടത്തുന്ന നാലാമത്തെ സമരമാണിത്. റേഷൻ വ്യാപാരികളുടെ 4 സംഘടനകൾ ഉൾപ്പെടുന്ന റേഷൻ കോഓർഡിനേഷൻ സംയുക്ത സമിതി, റേഷൻ വിതരണം കൂടുതലായി നടക്കുന്ന മാസത്തിന്റെ അവസാന ആഴ്ചയിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വേതന പാക്കേജ് പരിഷ്കരിക്കുക, കേന്ദ്ര സർക്കാരിന്റെ ഡയറക്ട് പേയ്മെന്റ് സംവിധാനം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരനോട്ടിസ് നൽകിയത്.