ബഹിരാകാശത്തെ ഒരു കൂടിച്ചേരലിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ശാസ്ത്രലോകം ഇന്ന്. ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ടാർഗറ്റും ചേസറും ഇന്ന് കൂട്ടിച്ചേർക്കും. സ്പേസ് ഡോക്കിങ് എന്നു വിളിക്കുന്ന ഈ കൂടിച്ചേരലിനുള്ള കമാൻഡുകൾ രാവിലെ 6.39 മുതൽ 7.10 വരെ നൽകുമെന്നാണ് അനൗദ്യോഗിക വിവരം. വേഗം നിയന്ത്രിക്കാൻ സാധിക്കാത്തതിനെ തുടർന്ന് അകന്നു പോയിരുന്ന ഉപഗ്രഹങ്ങളെ ഇന്നലെ 230 മീറ്റർ അടുത്തേക്കു കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. ഇനി അവ തമ്മിലുള്ള അകലം 3 മീറ്റർ ആയി കുറച്ച ശേഷമായിരിക്കും ഡോക്കിങ്ങിനുള്ള അന്തിമ കമാൻഡുകൾ നൽകുക. കഴിഞ്ഞ 7നും പിന്നീട് 9നും ഡോക്കിങ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീട്ടിവയ്ക്കുകയായിരുന്നു.