ലൊസാഞ്ചലസ് (കലിഫോർണിയ, യുഎസ്): കാറ്റിന്റെ കാഠിന്യം അൽപം കുറഞ്ഞെങ്കിലും ലൊസാഞ്ചലസിനെ വിഴുങ്ങുന്ന കാട്ടുതീ ശമനമില്ലാതെ തുടരുന്നു. പതിനായിരത്തിലേറെ കെട്ടിടങ്ങൾ കത്തിയമരുകയും 11 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത കാട്ടുതീ 4 ദിവസം പിന്നിട്ടിട്ടും നിയന്ത്രിക്കാനായിട്ടില്ല. നഗരത്തിന്റെ പടിഞ്ഞാറു ഭാഗമായ പാലിസെയ്ഡ്സിലെ ഏറ്റവും വലിയ തീയുടെ ഗതി മാറുന്നതിന്റെ സൂചനയെത്തുടർന്ന് ബ്രെന്റ്‍വുഡ്, സാൻ ഫെർണാണ്ടോ താഴ്‍വര എന്നിവിടങ്ങളിൽ കൂടുതൽ പേരെ ഒഴിപ്പിക്കാൻ ആരംഭിച്ചു. ഇവിടെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അഞ്ചിടങ്ങളിൽ തീപിടിച്ചതിൽ പാലിസെയ്ഡ്സിലേത് 8 ശതമാനവും ഈറ്റണിലേത് 3 ശതമാനവുമാണ് അണച്ചത്. രണ്ടിടത്തുമായി 35,000 ഏക്കർ പൂർണമായി കത്തിനശിച്ചു. 1,53,000 ആളുകളെ ഒഴിപ്പിച്ചു. പതിനായിരങ്ങൾ ഭവനരഹിതരായി. 15,000 കോടിയിലേറെ ഡോളർ സാമ്പത്തികനഷ്ടമുണ്ടായതായി കണക്കാക്കുന്നു. വൻ ബാധ്യത എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് ഇൻഷുറൻസ് കമ്പനികൾ. തീപിടിത്തത്തെ വൻ ദുരന്തമായി പ്രഖ്യാപിച്ച പ്രസിഡന്റ് ജോ ബൈഡൻ ഇൻഷുറൻസ് കമ്പനികൾക്ക് ഫെഡറൽ സഹായം നൽകുമെന്നും ഭവനവായ്പ തിരിച്ചടവിന് സാവകാശം നൽകുമെന്നും അറിയിച്ചു.