Entertainment

വമ്പൻ ഹൈപ്പിൽ വന്ന കീർത്തി സുരേഷ് ചിത്രത്തന് മുടക്കിയ പണം പോലും നേടാനായില്ല; ഒടിടി വാങ്ങാന്‍ ആളില്ല?

ബോളിവുഡ് സൂപ്പർ താരം വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ബേബി ജോൺ’. അറ്റ്ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം ‘തെരി’യുടെ റീമേക്ക് ആണ് ബേബി ജോൺ. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷക പ്രീതി നേടാനായില്ല. 180 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് മുടക്കിയ പണം പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ.

വിജയ്‌യുടെ പ്രകടനത്തിനൊപ്പം എത്താൻ വരുൺ ധവാനായില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വന്നത്. തമിഴ് വേർഷനായ തെരിയുടെ സീൻ ബൈ സീൻ റീമേക്ക് ആണ് ബേബി ജോണെന്നും ഒരു പുതുമയും സിനിമയിൽ അവകാശപ്പെടാനില്ലെന്നുമാണ് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദളപതിയുടെ സ്വാഗിനും സ്റ്റൈലിനുമൊപ്പം എത്താൻ വരുണിനെക്കൊണ്ട് കഴിയുന്നില്ലെന്നും ചിത്രത്തിന്റെ ദൈർഘ്യം വളരെ കൂടുതലാണെന്നുമാണ് മറ്റ് പ്രതികരണങ്ങൾ. ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാർത്തകൾ ചിത്രം ഒടിടിയിൽ വാങ്ങാൻ ആളില്ലെന്നാണ്.

ചില ദേശീയ മാധ്യമങ്ങളിലാണ് ചിത്രം ഒടിടിയില്‍ ആരും വാങ്ങിയില്ലെന്ന വാര്‍ത്ത വന്നത്. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്‍റെ ഒടിടി അവകാശം നേരത്തെ തന്നെ ആമസോണ്‍ പ്രൈമിന് വിറ്റെന്നും അവര്‍ അത് കരാര്‍ സമയത്ത് റിലീസ് ചെയ്യുമെന്നുമാണ് നിര്‍മ്മാതാക്കളുടെ വാദം.

ഒടിടി കരാര്‍ അനുസരിച്ച് ഫെബ്രുവരി അവസാനമോ, മാര്‍ച്ച് ആദ്യമോ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്‍റെ ബോക്സോഫീസ് പ്രകടനം വച്ച് ചിത്രം നേരത്തെ ആമസോണ്‍ പ്രൈം വീഡിയോയില്‍ എത്താനും സാധ്യതയുണ്ട്.

വരുൺ ധവാൻ നായകനായ ബേബി ജോണിൽ കീർത്തി സുരേഷും വാമിഖ ഗബ്ബിയും അഭിനയിച്ചിരുന്നു. ക്രിസ്മസിന് റിലീസ് ചെയ്ത് ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ 39.32 കോടി മാത്രമാണ് നേടിയത്. എന്നാല്‍ ആഗോളതലത്തിലെ കളക്ഷനും കൂട്ടിയാല്‍ ചിത്രം 50 കോടി കടന്നുവെന്നാണ് വിവരം.