Gulf

ലോകത്തെ ഞെട്ടിക്കുന്ന മനോഹാര്യത; അമേരിഗോ വെസ്പൂച്ചി കപ്പൽ തീരമണഞ്ഞു

ലോകത്തിലെ ഏറ്റവും മനോഹരമായ കപ്പലായ അമേരിഗോ വെസ്തുച്ചി ഒമാൻ തീരമണഞ്ഞു. ആയിരകണക്കിന് സന്ദർശകരാണ് കപ്പൽറാണിയെ കാണാൻ എത്തിയത്.

സുൽത്താൻ ഖാബൂസ് തുറമുഖത്തിന്റെ ആറാം ബർത്തിൽ ആഘോഷപൂർവ്വം കപ്പലിനെ വരവേറ്റു. ഒമാൻ നാവികസേനയുടെ ബാൻഡ് മേളവും പാരമ്പരാകൃത നൃത്തവുമെല്ലാം ആയിട്ടായിരുന്നു കപ്പലുകളുടെ റാണിക്ക് വാട്ടർ സല്യൂട്ട് നൽകിയത്. ഇറ്റാലിയൻ നാവികസേനാ മേധാവി അഡ്മിറൽ എൻറിക്കോ ക്രെഡെൻഡിനോ, ഒമാനിലെ തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് കപ്പലിനെ സ്വീകരിച്ചു. ഇറ്റാലിയൻ നാവിക സേനയുടെ ഉടമസ്ഥതിയിലുള്ള കപ്പലാണ് അമേരിഗോ വെസ്തുചി. ലോക ടൂറിസം പര്യടനത്തിന്റെ ഭാഗമായാണ് കപ്പൽ സുന്ദരി മസ്കറ്റിലെത്തിയത്.

കഴിഞ്ഞ മാസം യുഎഇയിലെത്തിയ കപ്പൽ അവിടെ നിന്നുമാണ് മസ്കറ്റിലെത്തിയത്. 93 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇറ്റാലിയൻ കപ്പൽ ഒമാൻ സന്ദർശിക്കുന്നത്. ഇറ്റാലിയൻ ഉത്പന്നങ്ങളുടെ പ്രദർശന മേളയായ വില്ലാജിയോ ഇറ്റാലിയക്കൊപ്പം തീരത്ത് നങ്കൂരമിട്ട കപ്പൽ കാണാനും ആയിരകണക്കിന് സന്ദർശകരെത്തി. ഔദ്യോഗിക വെബ്സൈറ്റിൽ മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് സന്ദർശനാനുമതി ലഭിച്ചത്. ഒമാൻ സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച കപ്പൽ മടക്കയാത്ര തുടങ്ങും.