വാഹനങ്ങളുടെ വസന്തകാലം ഡൽഹിയിലേക്ക് തിരിച്ചുവരുകയാണ്. ഏഷ്യയിലെ പ്രശസ്തമായ വാഹനമേളയ്ക്കാണ് ജനുവരി 17 മുതൽ തുടക്കമാവുന്നത്. ഗ്രേറ്റർ നോയ്‌ഡയിൽ നടന്നുവന്നിരുന്ന മേളയാണ് നീണ്ട കാലയളവിനു ശേഷം ഭാരത് മൊബിലിറ്റി ഗ്ലോബൽ ഷോ എന്ന പേരുമാറ്റവുമായി പ്രഗതിമൈതാനിയിലുള്ള ഭാരത് മണ്ഡപത്തിൽ തിരിച്ചെത്തുന്നത്. വാഹനവിപണിയിൽ അതിവേഗം വളരുന്ന ഇന്ത്യയിലെ ഈ വാഹനമാമാങ്കം ലോകം മുഴുവൻ ഉറ്റുനോക്കുന്നുണ്ട്. വമ്പൻമാർക്കൊപ്പം പുതുമുഖങ്ങളും ഇന്ത്യയിലേക്ക് ഇവിടെ കാൽ വയ്ക്കും. പ്രതീക്ഷ തെറ്റിക്കാതെ വൈദ്യുത വാഹനങ്ങൾതന്നെയാണ് ഇത്തവണ മുഖ്യ ആകർഷണമാകുന്നത്. നാൽപ്പതിലധികം മോഡലുകളാണ് മേളയിൽ പുറത്തിറക്കുന്നത്.
മേളയിൽ ഏറ്റവും ഗ്ലാമറായിരിക്കും മാരുതി സുസുക്കിയുടെ വൈദ്യുതകാർ പ്രവേശമായ ഇ-വിറ്റാര. വിയന്നയിൽ നടന്ന ഓട്ടോ എക്സ്പോയിലായിരുന്നു ഇതിന്റെ ആദ്യ പ്രദർശനം. രണ്ട് ബാറ്ററി ഓപ്ഷനുകളിലായിരിക്കും വരവ്. 49,61 കിലോവാട്ടുകളായിരിക്കും ഇവയെന്നാണ് അറിയാൻ കഴിഞ്ഞത്. ഉയർന്ന വേരിയൻ്റിൽ സുസുക്കിയുടെ ഓൾവീൽ ഡ്രൈവ് ഓപ്ഷനായ ആൾ ഗ്രിപ്പ് ഇ.യുമുണ്ടായിരിക്കും.
ജെ.എസ്.ഡബ്ല്യു. എംജി മോട്ടോർ ഇന്ത്യയാണ് വൈദ്യുത വാഹനങ്ങളുടെ നിരയുമായി വരുന്നത്. ഇതിൽ വാഹനപ്രേമികൾ കാത്തിരിക്കുന്നത് സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്സ്കാറാണ്. അതോടൊപ്പം എം.പി.വി. യായ എം.9, എം.ജി.7 ട്രോഫി, ഐ.എം.എൽ. 6, എന്നീ സെഡാനു കളും കൂട്ടത്തിലുണ്ട്. എം.പി.വി.യിലേക്കുള്ള ഇന്ത്യയിലെ ചുവടു വെപ്പാണ് എ.9. ഏഴ് സീറ്ററായ ഇതിൽ 90 കിലോവാട്ട് ബാറ്ററിയാണ് വരുക. രണ്ടാം നിരയിൽ മസാജ് ചെയ്യുന്ന സീറ്റുകളടക്കമുള്ള സൗകര്യമുണ്ടാവും. ടൊയോട്ട വെൽഫെയറിനും കിയ കാർണിവലി നുമാണ് എതിരാളി.