എത്ര മുന്‍കരുതലുകള്‍ എടുത്താലും വണ്ടി പഞ്ചര്‍ ആകുന്ന സാഹചര്യം നിങ്ങൾ നേരിട്ടിട്ടുണ്ടാകും. നമ്മുടെ രാജ്യത്തെ വെല്ലുവിളി നിറഞ്ഞ റോഡുകള്‍ പരിഗണിക്കുമ്പോള്‍ പഞ്ചര്‍ എന്നത് ഒരു സാധാരണ സംഗതിയായി മാറിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഏതെങ്കിലും പഞ്ചര്‍ കടക്കാരന്റെ സഹായമാണ് നമ്മള്‍ തേടുക. എന്നാല്‍ നിങ്ങള്‍ക്ക് വണ്ടിയുടെ പഞ്ചര്‍ സ്വയം നന്നാക്കാന്‍ അറിഞ്ഞാല്‍ അത് വലിയ മുതല്‍ക്കൂട്ടാകും. ഇതിന് കുറച്ച് വൈദഗ്ധ്യം ആവശ്യമാണെങ്കിലും പരിശീലനത്തിലൂടെ സ്വായത്തമാക്കാന്‍ സാധിക്കുന്നതാണ്. അതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
ഒരു പഞ്ചര്‍ റിപ്പയര്‍ കിറ്റും ഒരു ടയര്‍ ഇന്‍ഫ്ലേറ്ററും കൈവശം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അത് ടയര്‍ ഷോപ്പുകളിലോ ഓണ്‍ലൈനിലോ വാങ്ങാവുന്നതാണ്. ഒരു സാധാരണ കിറ്റില്‍ ഒരു റീമര്‍ ടൂള്‍, ഒരു സ്ട്രിപ്പ്-ഇന്‍സര്‍ഷന്‍ ടൂള്‍, പഞ്ചര്‍-റിപ്പയര്‍ സ്ട്രിപ്പുകള്‍, ഒരു കട്ടര്‍ എന്നിവ ഉള്‍പ്പെടുന്നു. ട്രെഡ് പ്രതലത്തിലെ പഞ്ചറുകള്‍ മാത്രം നന്നാക്കാന്‍ ശ്രമിക്കുക. സൈഡിലുള്ള പഞ്ചറുകള്‍ക്ക് ടയര്‍ മാറ്റുക മാത്രമാണ് പരിഹാരം.
ആദ്യം ടയര്‍ പഞ്ചറാകാന്‍ കാരണമായ വസ്തു കണ്ടെത്തുക എന്നതാണ് മുഖ്യം. എയര്‍ ലീക്കേജ് കണ്ടുപിടിക്കാനായി സോപ്പുവെള്ളം ഉപയോഗിക്കാം. സോപ്പ് വെള്ളം ഒഴിക്കുമ്പോള്‍ കുമിളകള്‍ വരുന്ന സ്ഥാനത്തായിരിക്കും പഞ്ചറായിട്ടുണ്ടാകുക. പഞ്ചറിന് കാരണമായ വസ്തു ആണിയോ മറ്റെന്തോ ആയിക്കോട്ടെ ഒരിക്കലും കൈ കൊണ്ട് നീക്കം ചെയ്യാന്‍ ശ്രമിക്കരുത്. അതിനായി പ്ലയറുകള്‍ ഉപയോഗിക്കുക. അടുത്തതായി ആ വസ്തുവുണ്ടാക്കിയ ദ്വാരം റീമര്‍ ടൂള്‍ ഉപയോഗിച്ച് വലുതാക്കുക. ഇന്‍സേര്‍ഷന്‍ ടൂളില്‍ ഒരു പഞ്ചര്‍-റിപ്പയര്‍ സ്ട്രിപ്പ് കോര്‍ത്ത് അതിനെ പകുതിയാക്കുക. ശേഷം അത് ദ്വാരത്തിനുള്ളിലേക്ക് കയറ്റി മുക്കാല്‍ ഭാഗവും പുറത്ത് വിടുക. തുടര്‍ന്ന് സ്ട്രിപ്പ് ഇന്‍സേര്‍ഷന്‍ ടൂള്‍ പുറത്തെടുത്ത് ബ്ലേഡോ കട്ടറോ ഉപയോഗിച്ച് അധികമുള്ള സ്ട്രിപ്പ് മുറിച്ച് മാറ്റുക. ശേഷം ടയറില്‍ കാറ്റ് നിറച്ച ശേഷം പഞ്ചറടിച്ച ഭാഗത്ത് സോപ്പ് വെള്ളം ഒഴിച്ച് നോക്കുക. കുമിളകളൊന്നും ദൃശ്യമാകുന്നില്ലെങ്കില്‍ നിങ്ങളുടെ ദൗത്യം വിജയിച്ചുവെന്ന് മനസ്സിലാക്കുക.
എന്നാല്‍ മറ്റ് വാഹനങ്ങളിലെ പോലെ എയര്‍ സസ്‌പെന്‍ഷനുള്ള കാറുകളുടെ ടയര്‍ മാറ്റം അത്ര എളുപ്പമല്ല. കാര്‍ ജാക്ക് ചെയ്ത് വീല്‍ നീക്കം ചെയ്യുന്നതിനുമുമ്പ് എയര്‍ സസ്പെന്‍ഷന്‍ വീല്‍-ചേഞ്ച് ക്രമീകരണം സജീവമാക്കുക അല്ലെങ്കില്‍ സെന്‍ട്രല്‍ സ്‌ക്രീന്‍ വഴി വര്‍ക്ക്ഷോപ്പ് മോഡിലേക്ക് മാറുക. ഇത് എയര്‍ സസ്പെന്‍ഷന്‍ സിസ്റ്റത്തിന് കേടുപാടുകള്‍ വരുത്തുന്നത് തടയുന്നു. മെയിന്റനന്‍സിനിടെ സസ്‌പെന്‍ഷന്‍ സിസ്റ്റം മുഴുവനായി എക്‌സ്റ്റന്‍ഡ് ആകുന്നതും സെല്‍ഫ് ലെവലിംഗ് ചെയ്യുന്നതും ഇതും വഴി നിര്‍ത്താം. ഇക്കാര്യം ശരിയായി ചെയ്തില്ലെങ്കില്‍ ഇത് സസ്പെന്‍ഷന്‍ തകരാറിലേക്ക് നയിച്ചേക്കാം. അല്ലെങ്കില്‍ വണ്ടി ഒരു വര്‍ക്ക്ഷോപ്പില്‍ കൊണ്ടുപോയി അറ്റകുറ്റപ്പണി ചെയ്യേണ്ടി വരും. ഇത്തരം നൂലാമാലകള്‍ ഒഴിവാക്കാനായി എയര്‍ സസ്‌പെന്‍ഷന്‍ സെറ്റപ്പുള്ള വാഹനങ്ങളുടെ ടയര്‍ മാറ്റത്തിന് മുമ്പ് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുക. ട്യൂബ്‌ലെസ് ടയറില്‍ പഞ്ചര്‍ ഒട്ടിക്കുന്ന കാര്യമാണ് നമ്മള്‍ മുകളില്‍ വിശദീകരിച്ചിട്ടുള്ളത്.