Kerala

എറണാകുളം – അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം; മാർ ജോസഫ് പാംപ്ലാനി മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി ചുമതലയേറ്റു | joseph pamplani as new metropolitan priest in ernakulam angamaly dioces

ഇന്നലത്തെ സംഘര്‍ഷത്തില്‍ ബിഷപ്പ് ഹൗസിന് ഒരുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്‌ഐആര്‍

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചുമതലയേറ്റു. അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ ബോസ്‌കോ പുത്തൂരിന്റെ രാജി മാർപാപ്പ സ്വീകരിച്ചു. ആരോഗ്യ കാരണങ്ങളാൽ ബോസ്‌കോ പുത്തൂർ സെപ്റ്റംബറിൽ രാജി സമർപ്പിച്ചിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷയിലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും ബിഷപ്പ് ഹൗസില്‍ എത്തിയത്.

ഇന്നലത്തെ സംഘര്‍ഷത്തില്‍ ബിഷപ്പ് ഹൗസിന് ഒരുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്‌ഐആര്‍. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷപ്പ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്നലത്തെ സംഘര്‍ഷത്തില്‍ വൈദികര്‍ക്കെതിരെ പുതിയ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, വഴി തടയല്‍ എന്നീ കേസുകളാണ് പുതിയതായി രജിസ്റ്റര്‍ ചെയ്തത്.

ബിഷപ്പ് ഹൗസില്‍ അതിക്രമിച്ച് കയറിയതിന് ഏഴ് വൈദികര്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ വൈകിട്ട് ഏഴ് മണിക്ക് കളക്ടറുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ച നടക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും സമവായ ചര്‍ച്ചയില്‍ പങ്കെടുത്തേക്കും.

CONTENT HIGHLIGHT: joseph pamplani as new metropolitan priest in ernakulam angamaly dioces