World

ആളിപ്പടർന്ന് ലോസ് ഏഞ്ചൽസിൽ കാട്ടുതീ; വെള്ളമില്ലാതെ പാടുപെട്ട് ഭരണകൂടം | american wildfire water supply issue

വാട്ടർ ഹൈഡ്രന്റുകളിൽ വെള്ളം തീർന്നതിനാൽ എന്തുചെയ്യണമെന്ന ആശങ്കയിലാണ് പ്രാദേശിക ഭരണകൂടങ്ങൾ.

ലോസ് ഏഞ്ചൽസ്‌: ലോസ് ഏഞ്ചൽസിൽ ആളിപ്പടരുന്ന കാട്ടുതീ നിയന്ത്രിക്കാൻ പാടുപെട്ട് അഗ്നിശമന സേന അംഗങ്ങൾ. ഇതിനോടകം നിരവധി വീടുകളാണ് കത്തിനശിച്ചത്. അതിൽ ഹോളിവുഡ് താരങ്ങളുടെ വീടുകളും ഉൾപ്പെടും. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും, അമിത ഉപഭോഗം ഭൂഗർഭ ജലവിതാനത്തെ ബാധിക്കുമെന്ന ഭരണകൂടത്തിന്റെ ആശങ്കയുമാണ് കാരണം. തീപിടിത്തം ഉണ്ടായ പല പ്രദേശങ്ങളിലെയും വാട്ടർ ഹൈഡ്രന്റുകളിൽ വെള്ളം തീർന്നതിനാൽ എന്തുചെയ്യണമെന്ന ആശങ്കയിലാണ് പ്രാദേശിക ഭരണകൂടങ്ങൾ.

‘ലോസ് ഏഞ്ചൽസ് ടൈംസ്’ റിപ്പോർട്ട് പ്രകാരം പ്രദേശത്ത് പടർന്നുപിടിച്ച തീ അണയ്ക്കാൻ ആവശ്യമായ വെള്ളമില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തീ അണയ്ക്കാനായി കുറഞ്ഞ സമയത്തിനുള്ളിൽ കണക്കില്ലാതെ വെള്ളം എടുത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. തീ വയ്ക്കാനായി ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ളവയല്ല ഇത്തരം വാട്ടർ ഹൈഡ്രന്റുകൾ എന്നതും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുകയാണ്.

കാട്ടുതീ പടർന്നുപിടിച്ച പസിഫിക് പാലിസേഡ്‌സ് മേഖലയിൽ, ഇത്തരത്തിൽ നിരവധി വാട്ടർ ഹൈഡ്രന്റുകൾ വെള്ളം തീർന്നും മറ്റും പ്രവർത്തനരഹിതമായിട്ടുണ്ട്. ഈ മേഖലയിലെ ടാങ്കുകളിലെ സംഭരണ ശേഷി ഒരു മില്യൺ ഗാലോൺ ആണ്. ലോസ് ഏഞ്ചൽസ് ഡിപ്പാർട്ട്മെന്റ് ഓഫ് വാട്ടർ ആൻഡ് പവറിന്റെ കണക്ക് പ്രകാരം, ഓരോ 15 മണിക്കൂറിലും വെള്ളത്തിന്റെ ഉപഭോഗം നാല് മടങ് വർധിക്കുന്നതായാണ് കണ്ടെത്തൽ. ഇതിനിടെ മേഖലയിലെ ഒരു ജലസംഭരണി അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതും പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്.

ഈ മേഖലയ്ക്ക് പുറമെ, അൽതഡേന, പസഡെന പ്രദേശങ്ങളിലും അസാധാരണ പ്രതിസന്ധിയുണ്ട്. ഈടോൺ മേഖലയിലെ തീപിടിത്തത്തിൽ, മേഖലയിലെ നാശനഷ്ടങ്ങൾ വർധിക്കാൻ പ്രധാന കാരണമായത് വെള്ളം ലഭ്യതയിലെ പ്രതിസന്ധിയാണെന്നും നിഗമനമുണ്ട്.

പസഫിക് പാലിസേഡ്‌സ്, അൽതഡേന, പസഡെന എന്നീ പ്രദേശങ്ങളെയാണ് കാട്ടുതീ പ്രധാനമായും ബാധിച്ചിട്ടുള്ളത്. സാന്റാ മോനിക്ക, മലീബു പട്ടണങ്ങള്‍ക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്‌സില്‍ പതിനായിരകണക്കിന് ഏക്കറിലേറെ പ്രദേശത്ത് തീപടര്‍ന്നിട്ടുണ്ട്. പസഡേനയ്ക്ക് സമീപവും സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ സില്‍മറിലുമുള്‍പ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമായിരുന്നു തീപടരാന്‍ പ്രധാന കാരണം.

CONTENT HIGHLIGHT: american wildfire water supply issue