രാത്രി ഷിഫ്റ്റുകളില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം ചെറുപ്പക്കാരും. ഇതേത്തുടര്‍ന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഏറെയാണ്. ശരീരം മുന്നറിയിപ്പുകള്‍ തരുന്നുണ്ടെങ്കിലും നമ്മളാരും ഇത് ഗൗനിക്കാറില്ല എന്നതാണ് സത്യം. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർ ആരോഗ്യപരവും വ്യക്തിപരവുമായ സംരക്ഷണം ഉറപ്പാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയെന്ന് നോക്കിയാലോ?
രാത്രി ജോലി കഴിഞ്ഞ് കുറഞ്ഞത് 7-8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കണം. ശരിയായ ഉറക്കക്രമം നിലനിര്‍ത്തിയാല്‍ തന്നെ വിഷാദമുള്‍പ്പടെയുള്ള അവസ്ഥകളില്‍ നിന്നും മറ്റ് രോഗങ്ങളില്‍ നിന്നും രക്ഷനേടാനാകും.
ശബ്ദമില്ലാത്തതും മറ്റ് അസ്വസ്ഥതകള്‍ ഇല്ലാത്തതുമായ പരിസരങ്ങള്‍ ഉറങ്ങാനായി തിരഞ്ഞെടുക്കുക. ഇരുണ്ട റൂമുകളാണെങ്കില്‍ അത്രയും നല്ലത്. ശരിയായ ഉറക്കത്തിന് തടസം നില്‍ക്കുന്ന കഫീന്‍ തുടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.
ശരീരത്തിന് ഉണർവേകാൻ രാവിലെയോ വൈകുന്നേരമോ ചെറിയ വ്യായാമങ്ങൾ ചെയ്യുക. ജോലി സമയത്തെ ഇരുപ്പിന്‍റെ രീതിയും പ്രധാനമാണ് . ശരിയായ രീതിയില്‍ ഇരിക്കുന്നതിനൊപ്പം ഇടയ്ക്ക് ചെറുതായി നടന്ന് വ്യായാമം ചെയ്യാനും ശ്രമിക്കുക.തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യാതിരിക്കുക. ഇങ്ങനെ ജോലി ചെയ്യുന്നവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ വരുന്നതായി കാണാറുണ്ട്.
പാൽ, മുട്ട, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രോസസ്സഡ് ഫുഡുകൾ, അമിതമായ ശർക്കര, എണ്ണമയമുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക, എന്നാൽ രാത്രി സമയത്ത് ഒരുപാട് ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
മാനസികാരോഗ്യം നിലനിര്‍ത്താനും പിരിമുറുക്കങ്ങള്‍ കുറയ്ക്കാനും യോഗ, മെഡിറ്റേഷന്‍ എന്നിവ ശീലമാക്കുക. പ്രിയപ്പെട്ട ഹോബികള്‍ പിന്തുടരാന്‍ ശ്രദ്ധിക്കുക.
ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. ലഹരി വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക. മദ്യപാനം ഉറക്കത്തെ ബാധിക്കും. ദൈർഘ്യമേറിയ രാത്രി ഷിഫ്റ്റുകൾ ദാഹം, ക്ഷീണം എന്നിവയ്ക്കും ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമായേക്കാം. നിലനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധിക്കാനും സമയത്ത് ഡോക്ടറുടെ ഉപദേശമെടുക്കാനും ശ്രദ്ധിക്കുക.